NATIONAL

വിവാഹ ദിവസം സഹോദരിമാര്‍ മരിച്ച നിലയില്‍; വിഷം അകത്തു ചെന്നതെന്ന് നിഗമനം

വെള്ളിയാഴ്ച അര്‍ധരാത്രി വരെ വീട്ടിലെ ആഘോഷങ്ങളില്‍ ഇരുവരും പങ്കെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

ജോധ്പൂര്‍: വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു, രണ്ട് പെണ്‍മക്കളുടേയും വിവാഹം ഒരേ വേദിയില്‍ നടത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു മാതാപിതാക്കളും ബന്ധുക്കളും. എന്നാല്‍, എല്ലാം പെട്ടെന്ന് താളംതെറ്റി. ആഘോഷം അലയടിക്കേണ്ടിയിരുന്ന വീട് മരണത്തിന്റെ ശൂന്യത പുതഞ്ഞു.

ജോധ്പൂരിലെ മണായ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. വിവാഹ ദിവസം സഹോദരിമാരെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ശോഭ (25), വിമല (23) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 21 നായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി വിവാഹ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു ഇരുവരേയും അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജോധ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച അര്‍ധരാത്രി വരെ വീട്ടിലെ ആഘോഷങ്ങളില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇതിനു ശേഷം സഹോദരിമാര്‍ ഒന്നിച്ചാണ് ഉറങ്ങാനായി പോയതെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് അവശനിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിഷം അകത്തു ചെന്നതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.

SCROLL FOR NEXT