ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ സാക്ഷി 
NATIONAL

ധർമസ്ഥല വെളിപ്പെടുത്തലിൽ വൻ ട്വിസ്റ്റ്; തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് സാക്ഷിയെ അറസ്റ്റ് ചെയ്ത് എസ്ഐ‌ടി

ഏകദേശം 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്

Author : ന്യൂസ് ഡെസ്ക്

ധർമസ്ഥല വെളിപ്പെടുത്തലിൽ വൻ ട്വിസ്റ്റ്. വെളിപ്പെടുത്തൽ നടത്തിയ സാക്ഷിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇന്ന് രാവിലെ 11 മണിയോടെ എസ്‌ഐടി ഉദ്യോഗസ്ഥർ ഇയാളെ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കും. ഏകദേശം 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.

നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നു എന്നായിരുന്നു സാക്ഷിയുടെ മൊഴിയെങ്കിലും, ഒരു തെളിവുപോലും ലഭിക്കാഞ്ഞതോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഇന്ന് പുലർച്ചെ അഞ്ച് മണി വരെ എസ്‌ഐടി മേധാവി പ്രണവ് മൊഹന്തി സാക്ഷിയായ ചോദ്യം ചെയ്ത് വരികയായിരുന്നു. പരാതി വ്യാജമാണെന്നാണ് അന്വേഷണത്തിൽ എസ്ഐടി കണ്ടെത്തിയത്. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മുഖംമൂടി ധരിച്ചെത്തുന്ന സാക്ഷിയുടെ ആദ്യ ഭാര്യയെന്ന് അവകാശപ്പെട്ടെത്തിയ ഒരു സ്ത്രീ ഇയാൾക്കെതിരെ നേരത്തെ മൊഴി നൽകിയിരുന്നു. "അയാൾ വളരെ മോശം മനുഷ്യനായിരുന്നു. എന്നെയും എന്റെ കുട്ടികളെയും അയാൾ ഉപദ്രവിക്കാറുണ്ടായിരുന്നു. ധർമസ്ഥല കേസുമായി ബന്ധപ്പെട്ട അയാളുടെ വെളിപ്പെടുത്തൽ സത്യമല്ല. പണത്തിനു വേണ്ടിയായിരിക്കും അയാൾ ഇത്തരം കാര്യങ്ങൾ പറയുന്നത്", അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം 2003-ൽ ധർമസ്ഥലയിൽ പോയതിന് ശേഷം തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായെന്ന പരാതിയുമായി രംഗത്തെത്തിയ സുജാത ഭട്ട്, തൻ്റെ പരാതി വ്യാജമായിരുന്നെന്ന് വ്യക്തമാക്കി. ഗിരീഷ് മട്ടന്നവർ, ജയന്ത് ടി. തുടങ്ങിയവരുടെ പ്രേരണയിലാണ് താൻ വ്യാജ പരാതി നൽകിയതെന്നും അവർ പറഞ്ഞു.

'ഇൻസൈറ്റ് റഷ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുജാത ഭട്ടിൻ്റെ വെളിപ്പെടുത്തൽ. “എന്റെ മുത്തച്ഛന്റെ പൂർവ്വിക സ്വത്ത് എന്റെ ഒപ്പില്ലാതെ നൽകിയതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. എനിക്ക് അത് തിരികെ ചോദിക്കണമെന്നുണ്ടായിരുന്നു. ഇതിനായി ഗിരീഷ് മട്ടന്നവറും മറ്റുള്ളവരും എന്നെ പ്രകോപിപ്പിക്കുകയും, മകളെ ധർമ്മസ്ഥലയിൽ കാണാതായെന്ന് അവകാശപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു,” തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് അവർ പറഞ്ഞു.

SCROLL FOR NEXT