ന്യൂഡൽഹി: ഡൽഹിയിൽ വിഷാംശം നിറഞ്ഞ വായു ഗുണനിലവാര സൂചിക 'ഗുരുതര' വിഭാഗത്തിൽ തുടരുന്നതോടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് സുപ്രീം കോടതി. ആളുകളുടെ ആരോഗ്യം സംരക്ഷിക്കാൻ മാസ്കുകൾ പര്യാപ്തമല്ലെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ഒരു കേസ് പരിഗണിക്കുന്നതിനിടെ, അഭിഭാഷകരോട് എന്തുകൊണ്ടാണ് വെർച്വലായി വാദം കേൾക്കാത്തതെന്നും ചോദിച്ചു. വെർച്വൽ വാദത്തിനുള്ള സൌകര്യം പ്രയോജനപ്പെടുത്തണമെന്നും മലിനീകരണം സ്ഥിരമായ നാശത്തിന് കാരണമാകുമെന്നും ജസ്റ്റിസ് നരസിംഹ പറഞ്ഞു.
കോടതിയിൽ ഹാജരായിരുന്ന മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ തങ്ങൾ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ മാസ്കുകൾ പോലും പോരാ ഇത് തടയാനെന്നും ജസ്റ്റിസ് നരസിംഹ പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ പല പ്രദേശങ്ങളിലും ഇന്ന് രാവിലെ മലിനീകരണ തോത് 'ഗുരുതര' വിഭാഗമായ 'AQI' 400 ൽ കൂടുതൽ രേഖപ്പെടുത്തി. മലിനീകരണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനുമായി ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ നിയന്ത്രണങ്ങളും നിലവിലുണ്ട്.
GRAP-III നിയന്ത്രണങ്ങളിൽ അനിവാര്യമല്ലാത്ത മിക്ക നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങളുടേയും നിരോധനം, BS-III പെട്രോൾ, BS-IV ഡീസൽ ഫോർ വീലറുകൾക്കുള്ള നിയന്ത്രണങ്ങൾ, അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു.
തലസ്ഥാനത്ത് ഈ വർഷം വായു മലിനീകരണത്തിന് പ്രധാന കാരണമായ വൈക്കോൽ കത്തിക്കൽ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ്, ഹരിയാന സർക്കാരുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.