NATIONAL

മധ്യപ്രദേശിൽ ജില്ലാ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

രക്തബാങ്കിൽ നിന്ന് വിതരണം ചെയ്ത രക്തത്തിലൂടെയാണ് അണുബാധ പകർന്നതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

സത്ന: മധ്യപ്രദേശിലെ സത്‌നയിൽ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. തലസീമിയ ബാധിച്ച കുട്ടികൾക്ക് ചികിത്സയുടെ ഭാഗമായി തുടർച്ചയായി രക്തം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. മെഡിക്കൽ പരിശോധനകളിൽ ആറ് കുട്ടികൾക്കും എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തബാങ്കിൽ നിന്ന് വിതരണം ചെയ്ത രക്തത്തിലൂടെയാണ് അണുബാധ പകർന്നതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 11 വയസ്സിന് താഴെയുള്ള അഞ്ച് ആൺകുട്ടികളും ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയും എച്ച്ഐവി ബാധിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ജനുവരി മുതൽ മെയ് വരെ കുട്ടികൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്.

സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ട് തേടിയതായും മധ്യപ്രദേശ് ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. "റിപ്പോർട്ട് വന്നാൽ മാത്രമേ ഞങ്ങൾക്ക് എന്തെങ്കിലും വെളിപ്പെടുത്താൻ കഴിയൂ. മറ്റു ആശുപത്രികളിലും ഇങ്ങനെ നടന്നിട്ടുണ്ടോ അതോ സർക്കാർ ആശുപത്രിയിൽ മാത്രമാണോ നടന്നത് എന്ന് അന്വേഷിച്ചുവരികയാണ്," മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ശുക്ല പറഞ്ഞു.

സംഭവത്തിൽ ആശുപത്രി തലത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സത്‌ന കളക്ടർ സതീഷ് കുമാർ എസ്. പറഞ്ഞു. "സംസ്ഥാന ഭരണകൂടത്തെയും ഞങ്ങൾ വിവരം അറിയിച്ചിട്ടുണ്ട്. ജബൽപൂരിലെ ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവയുൾപ്പെടെ വിവിധ ആശുപത്രികളിൽ കുട്ടികൾക്ക് രക്തം മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ജനുവരി മുതൽ മെയ് വരെയുള്ള പരിശോധനകളിലാണ് കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംഭവത്തിൽ ആരെങ്കിലും ഉത്തരവാദികളാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കും," കളക്ടർ സതീഷ് കുമാർ പറഞ്ഞു.

SCROLL FOR NEXT