ന്യൂഡൽഹി: ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് പിന്നാക്ക മുസ്ലിം ഒബിസി സംവരണം അവകാശപ്പെടാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മുൻപത്തെ സാമൂഹിക പശ്ചാത്തലത്തിൽ അനുഭവിച്ച പിന്നാക്കാവസ്ഥ മതം മാറുമ്പോൾ പുതിയ മതത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. മതം മാറിയവർക്ക് പിന്നാക്ക വിഭാഗ ആനുകൂല്യം നൽകാൻ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള 2024-ലെ തമിഴ്നാട് സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി പൂർണ്ണമായി തള്ളി.
ആവശ്യമായ സാമൂഹിക-നിയമപരമായ ബന്ധങ്ങളോ വസ്തുതാപരമായ തെളിവുകളോ പരിശോധിക്കാതെ, മതം മാറിയ ഒരാൾക്ക് ഒരു പ്രത്യേക പിന്നാക്ക വിഭാഗത്തിലേക്ക് സ്വാഭാവികമായി സംവരണ പരിരക്ഷ അനുവദിക്കുന്ന കൃത്രിമമായ വഴിയാണ് തമിഴ്നാട് സർക്കാർ ഉത്തരവിലൂടെ സൃഷ്ടിച്ചതെന്നും അതിനാൽ ഹൈക്കോടതിയുടെ നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം സ്വീകരിക്കുകയും 2016-ൽ ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ച് രണ്ട് കുട്ടികളുള്ള തമിഴ്നാട് സ്വദേശിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
തനിക്ക് തമിഴ്നാട്ടിലെ ഒബിസി വിഭാഗത്തിൽപ്പെടുന്ന 'മുസ്ലിം ലബ്ബെ'സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ തഹസിൽദാർക്ക് അപേക്ഷ നൽകിയെങ്കിലും തഹസിൽദാർ അത് നിരസിച്ചു. തുടർന്നാണ് ഹർജിക്കാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാൻ പൗരന്മാർക്ക് മൗലികാവകാശമുണ്ടെങ്കിലും ആ മാറ്റത്തിന് ശേഷം സംവരണാനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതിന് യാതൊരുവിധ നിയമപരമായ സാധുതയുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
ഭരണഘടനയിലെ ഷെഡ്യൂൾഡ് കാസ്റ്റ് ഉത്തരവിലെ മൂന്നാം ഖണ്ഡിക പ്രകാരം ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയിലൊന്ന് പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവി നിലനിൽക്കൂ എന്നും, ഇസ്ലാം മതം സ്വീകരിക്കുന്നതോടെ പഴയ ജാതിയുമായി ബന്ധപ്പെട്ട സംവരണ പരിരക്ഷകൾ അവസാനിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. മുൻപത്തെ സാമൂഹിക പിന്നാക്കാവസ്ഥയുടെ പേരിൽ ആർട്ടിക്കിൾ 16(4) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾ മറ്റൊരു മതത്തിലേക്ക് മാറുമ്പോൾ പുതിയൊരു പ്രത്യേക പിന്നാക്ക സമുദായത്തിലേക്ക് സ്വയമേവ മാറ്റാൻ കഴിയില്ലെന്ന സുപ്രീം കോടതിയുടെ ഈ വിധി രാജ്യത്തെ മതപരിവർത്തന സംവരണ ചർച്ചകളിൽ വലിയൊരു വഴിത്തിരിവായി മാറിയേക്കാം.