ന്യൂഡല്‍ഹി: ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) ചികിത്സയ്ക്ക് സ്റ്റെം സെല്‍ തെറാപ്പി പാടില്ലെന്ന് സുപ്രീം കോടതി. ഇത് അനീതിയും മെഡിക്കല്‍ ദുരുപയോഗവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ശാസ്ത്രീയ പിന്തുണയും ഫലപ്രാപ്തി സംബന്ധിച്ച് തെളിവുകളും ഇല്ലാത്തതിനാല്‍ ഇത്തരം തെറാപ്പിയെ ആരോഗ്യകരമായ ചികിത്സാ രീതിയായി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അംഗീകൃത ക്ലിനിക്കല്‍ പരീക്ഷണത്തിന് പുറത്തുള്ള രോഗികളില്‍ സ്റ്റെം സെല്ലുകളുടെ ഉപയോഗം അധാര്‍മികവും ചികിത്സാ പിഴവായും കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. ശാസ്ത്ര പുരോഗതി ലക്ഷ്യമിട്ടുള്ള അംഗീകൃത ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മാത്രമേ ഇത് അനുവദനീയമാകൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം സ്റ്റെം സെല്ലുകളെ മരുന്നുകള്‍ ആയി തരംതിരിക്കുന്നത് കൊണ്ട് മാത്രം ഓട്ടിസത്തിനുള്ള അവയുടെ ചികിത്സാ ഉപയോഗം ഒരു ക്ലിനിക്കല്‍ സേവനമായി അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി.
പതിവ് ക്ലിനിക്കല്‍ സേവനമായി അത്തരം ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്‍കേണ്ട ന്യായമായ പരിചരണ നിലവാരം പാലിക്കുന്നതില്‍ പരാജയപ്പെടുന്നു. സുരക്ഷിതമാണെന്നോ ഫലപ്രദമാണെന്നോ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാരീതികള്‍ നല്‍കുന്ന ഡോക്ടറെ മതിയായ ജാഗ്രത പുലര്‍ത്തുന്നയാളായി കണക്കാക്കാനാവില്ല. ഔദ്യോഗിക മെഡിക്കല്‍ ബോര്‍ഡുകള്‍ പാടില്ല എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള ചികിത്സകള്‍ നല്‍കുന്നത് നിയമവിരുദ്ധവും ചികിത്സാ പിഴവുമാണെന്നും കോടതി വ്യക്തമാക്കി.