പ്രതീകാത്മക ചിത്രം 
NATIONAL

അധ്യാപകരുടെ പീഡനം: ഡൽഹിയിൽ മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി വിദ്യാർഥി; അവയവങ്ങൾ ദാനം ചെയ്യണമെന്ന് മരണക്കുറിപ്പിൽ

സംഭവത്തിൽ സ്കൂളിലെ മൂന്ന് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പലിനുമെതിരെ കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്തു

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഡൽഹിയിൽ മെട്രോ സ്റ്റേഷനിൽ നിന്നും ചാടി ജീവനൊടുക്കി പത്താം ക്ലാസ് വിദ്യാർഥി. സംഭവത്തിൽ സ്കൂളിലെ മൂന്ന് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പലിനുമെതിരെ കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്തു.

'സോറി മമ്മി, ഞാൻ നിങ്ങളുടെ ഹൃദയം പലതവണ തകർത്തു, അവസാനമായി ഒരു തവണ കൂടെ ഞാനത് ചെയ്യുകയാണ്. എൻ്റെ സ്കൂളിലെ അധ്യാപകർ ഇങ്ങനെയാണ്. ഞാൻ എന്തു ചെയ്യും?' എന്നിങ്ങനെയായിരുന്നു കുട്ടിയുടെ മരണക്കുറിപ്പിലെ വരികൾ.

ചൊവ്വാഴ്ച രാവിലെ 7.15 പതിവുപോലെ സ്‌കൂളിലേക്ക് പോയ മകൻ സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം പരിക്കേറ്റ് കിടക്കുന്നതായി ഉച്ചയ്ക്ക് 2.45 ഓടെയാണ് പിതാവിന് കോൾ വന്നത്. മകനെ ഉടൻ ബിഎൽ കപൂർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വിളിച്ചയാളോട് ആവശ്യപ്പെട്ടുവെങ്കിലും കുടുംബം അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എലവേറ്റഡ് മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കുട്ടി താഴേക്ക് ചാടിയത്. മൂന്ന് അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും തന്നെ ഉപദ്രവിക്കുന്നതായി കുട്ടി പറഞ്ഞിരുന്നതായി കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. കഴിഞ്ഞ നാലു ദിവസമായി ഒരു അധ്യാപകൻ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും ഭീഷണിപ്പെടുത്തുന്നതായി കുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞതായും പിതാവ് വെളിപ്പെടുത്തി.

അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നതായി മകൻ തന്നോടും ഭാര്യയോടും നേരത്തെ പരാതിപ്പെട്ടിരുന്നുവെന്നും അവർ സ്കൂളിൽ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. കൗമാരക്കാരന് ഉറപ്പ് നൽകിയിരുന്നു.

വിദ്യാർഥിയുടെ ബാഗിൽ നിന്ന് കണ്ടെടുത്ത മരണക്കുറിപ്പിൽ, കത്ത് ലഭിക്കുന്നവരോട് ഒരു നിശ്ചിത നമ്പറിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ചെയ്തതിൽ ഖേദമുണ്ടെന്നും എന്നാൽ സ്കൂളിൽ സംഭവിച്ച കാര്യങ്ങൾ കാരണം മറ്റ് മാർഗമില്ലെന്ന് തോന്നിയെന്നും കത്തിൽ പറയുന്നു.തൻ്റെ അവയവങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന അവസ്ഥയിലാണെങ്കിൽ അത് ആവശ്യമുള്ളയാൾക്ക് ദാനം ചെയ്യണമെന്നും കുട്ടി കത്തിൽ പറയുന്നുണ്ട്. പ്രിൻസിപ്പലിൻ്റെയും രണ്ട് അധ്യാപകരുടെയും പേരിൽ നടപടിയുണ്ടാവണമെന്നാണ് തൻ്റെ ആഗ്രഹമെന്നും കുട്ടി കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

SCROLL FOR NEXT