കൊൽക്കത്ത ലോ കോളേജിലെ ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രധാനപ്രതി മനോജിത് മിശ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. സമാന കുറ്റകൃത്യം നിരന്തരം ചെയ്തിരുന്നയാളാണ് മനോജിത്തെന്ന് സഹപാഠികളും ജൂനിയർ വിദ്യാർഥികളും വെളിപ്പെടുത്തി.
മനോജിത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കണക്കിലെടുത്ത് അതെല്ലാം കോളജ് അധികൃതർ അവഗണിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. കൂട്ടബലാത്സംഗക്കേസിൽ തൃണമൂൽ കോൾഗ്രസ് യുവനേതാവ് മനോജിത് മിശ്ര അറസ്റ്റിലായതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ രംഗത്തെത്തിയത്.
മുൻപ് പല വിദ്യാർഥികളോടും ഇയാൾ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. അതിക്രമം നടത്തുന്നതിന് മുൻപ് മനോജിത് പെൺകുട്ടികളോട് വിവാഹാഭ്യാർഥന നടത്തിയിരുന്നതായും വിദ്യാർഥികൾ പറയുന്നു. കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും ഇങ്ങനെ ചോദിച്ചിരുന്നു. സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തുക്കളെ കാണിക്കുന്നതും ഇയാൾക്ക് ഒരു ഹരമായിരുന്നുവെന്നും ഇവരുടെ വെളിപ്പെടുത്തലിൽ ഉൾപ്പെടുന്നു.
ലൈംഗികാതിക്രമം,സംഘർഷമുണ്ടാക്കൽ,പിടിച്ചുപറി തുടങ്ങി നിരവധി പരാതികൾ മനോജിത് മിശ്രയ്കെതിരെ കോളജിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂനിയർ വിദ്യാർഥികൾ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പരാതി അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. മനോജിത്തിനെ ഭയന്ന് ചില വിദ്യാർഥികൾ പഠനം തന്നെ നിർത്തുന്ന സ്ഥിതി വിശേഷമണ്ടായി. മികച്ച അക്കാദമിക് അന്തരീക്ഷമുള്ള കോളേജിൽ മനോജിത്തിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന യൂണിയൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.
സ്റ്റാഫ് റൂമുകളിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിലും കോളജിൻ്റെ ഔദ്യോഗിക ഗ്രൂപ്പുകളിലും മനോജിത്തിന് നേരിട്ട് പ്രവേശനമുണ്ടായിരുന്നു. മനോജിത്തിൻ്റെ നേതൃത്വത്തിലുള്ള അതിക്രമങ്ങൾക്ക് എതിരെ റീക്ലെയിം ദ നൈറ്റ് എന്ന പേരിൽ കഴിഞ്ഞ വർഷം കോളജിൽ പ്രതിഷേധപരിപാടി നടന്നിരുന്നു. ഇതിൽ പങ്കെടുത്ത പല വിദ്യാർഥികൾക്കും ക്രൂര മർദനമേൽക്കേണ്ടിവന്നു. അതേസമയം, ആർജികർ മെഡിക്കൽ കോളജിലെ വിദ്യാർഥിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടയാളാണ് മനോജിത് മിശ്ര എന്നതും ശ്രദ്ധേയമാണ്.
അതേസമയം പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതിയിൽ പ്രത്യേക സംഘം രൂപീകരിച്ച് സമഗ്രാന്വേഷണം തുടരുകയാണ്. പെൺകുട്ടിയെ കോളജിൽ എത്തിച്ച് തെളിവെടുത്തിരുന്നു. വിദ്യാർഥിയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ സാധൂകരിക്കുന്ന ദൃശ്യങ്ങൾ സിസിടിവികളിൽ നിന്ന് കണ്ടെത്തി. തെളിവുകളെല്ലാം എതിരായപ്പോൾ മനോജിത് മിശ്രയെ തള്ളിപ്പറയേണ്ട ഗതികേടിലാണ് തൃണമൂൽ കോൺഗ്രസും.