ധർമസ്ഥല 
NATIONAL

ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ പുരുഷൻ്റേതാകാമെന്ന് നിഗമനം

അസ്ഥി പുരുഷൻ്റേതാണെന്നാണ് കരുതുന്നെങ്കിലും പ്രായം, പഴക്കം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

ധർമസ്ഥലയിൽ നേത്രാവതി പുഴയോരത്തോട് ചേർന്നുള്ള വനപ്രദേശത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ പുരുഷൻ്റേതാകാമെന്ന് നിഗമനം. അസ്ഥി പുരുഷൻ്റേതാണെന്നാണ് കരുതുന്നെങ്കിലും പ്രായം, പഴക്കം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. അസിസ്റ്റൻ്റ് റവന്യൂ കമ്മിഷണർ സ്റ്റെല്ല വർഗീസിൻ്റെ നേതൃത്വത്തിലായിരുന്നു മഹസർ നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് പ്രത്യേക ബാഗുകളിലാക്കി സീൽ ചെയ്തു. ഇതേ സ്ഥലത്ത് 7 മൃതദേഹങ്ങൾ സംസ്ക്കരിച്ചിട്ടുണ്ടെന്ന് സാക്ഷി ആവർത്തിച്ചു പറഞ്ഞതിനാലാണ് പ്രത്യേകം ബോക്സുകളിലാക്കിയത്.

പിന്നീട് ഇതേ കുഴിയിൽ ജെസിബി എത്തിച്ച് ആഴത്തിൽ കുഴിയെടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിനിടെ നേത്രാവതി പുഴയിൽ ചാടി മരിക്കുന്ന അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ പുഴക്കരയിൽ കുഴിച്ചിടാറുണ്ടെന്ന അവകാശവാദവുമായി ധർമ്മസ്ഥല ഗ്രാമ പഞ്ചായത്ത് അധികൃതർ രംഗത്തെത്തി. കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറിലേറെപ്പേരുടെ മൃതദേഹങ്ങൾ നേത്രാവതി പുഴയോരത്തെ വനഭൂമിയിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന ധർമ്മസ്ഥല ക്ഷേത്ര മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. രണ്ടാം ദിവസം 5 പോയിന്റുകളിൽ കുഴിയെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. മൂന്നാം നാൾ നടത്തിയ ആറാം പോയിൻ്റിലെ ആദ്യ പരിശോധനയിൽ തന്നെ അസ്ഥിഭാഗങ്ങൾ കണ്ടെത്തി. രണ്ടരയടി കുഴിച്ചപ്പോഴാണ് ചിന്നിച്ചിതറിയ 15 അസ്ഥിഭാഗങ്ങൾ ലഭിച്ചത്. ഉടൻ ഫോറൻസിക് സംഘം അസ്ഥിഭാഗവും മണ്ണും ശേഖരിച്ചു. സംഭവസ്ഥലത്തുവച്ചുതന്നെ മഹസർ നടപടികളും പൂർത്തിയാക്കി.

SCROLL FOR NEXT