NATIONAL

ബലാത്സംഗത്തെ തുടർന്ന് ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

എസ്ഐ ഗോപാൽ ബദാനെ ഫാൽട്ടാൻ റൂറൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതായി സതാര എസ്‌പി തുഷാർ ദോഷി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പൂനെ: മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ പൊലീസുകാരൻ്റ പീഡനങ്ങളെ തുടർന്ന് വനിതാ സർക്കാർ ഡോക്ടർ ജീവനൊടുക്കിയ കേസിൽ ഇന്നലെ രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതിയായ സബ് ഇൻസ്പെക്ടർ ഗോപാൽ ബദാനെയും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രശാന്ത് ബങ്കറുമാണ് അറസ്റ്റിലായത്. ഫാല്‍ട്ടാന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറാണ് മരിച്ചത്.

ഗോപാൽ ബദാനെ ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് ബങ്കറിനെ രാവിലെ ഫാൽട്ടാൻ പൊലീസിൻ്റെ ഒരു സംഘം പൂനെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മരിച്ച വനിതാ ഡോക്ടർ തൻ്റെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച രണ്ട് പേരിൽ ഒരാളായിരുന്നു പ്രശാന്ത് ബങ്കർ.

എസ്ഐ ഗോപാൽ ബദാനെ ഫാൽട്ടാൻ റൂറൽ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതായി സതാര എസ്‌പി തുഷാർ ദോഷി പറഞ്ഞു. ഇരയെ മാനസികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തി ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ പ്രശാന്ത് ബങ്കാറിനെ ഇന്നലെ സത്താറ ജില്ലാ കോടതിയിൽ ഹാജരാക്കി. ഇയാളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സെൻട്രൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറെയാണ്, വ്യാഴാഴ്ച രാത്രി ഫാൽട്ടൺ പട്ടണത്തിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൻ്റെ കൈപ്പത്തിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, പൊലീസ് സബ് ഇൻസ്പെക്ടർ ബദാനെ തന്നെ പലതവണ ബലാത്സംഗം ചെയ്തുവെന്നും, സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ബങ്കർ മാനസികമായി പീഡിപ്പിച്ചുവെന്നും മരിച്ച ഡോക്ടർ ആരോപിച്ചിരുന്നു.

ഡോക്ടറുടെ മരണത്തിൽ ആരോപണമുയർന്നതിനെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നിർദേശപ്രകാരം എസ്‌ഐ ബദാനെയെ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്ടറുടെ മരണം സംസ്ഥാനതലത്തിൽ വൻ രാഷ്ട്രീയ ചർച്ചകൾക്കും വഴിവച്ചിരുന്നു.

എസ്‌ഐ ഗോപാല്‍ തന്നെ അഞ്ച് മാസത്തിനിടെ നാല് തവണ പീഡിപ്പിച്ചെന്നും നിരന്തരമായ അതിക്രമമാണ് തന്നെ സ്വയം ജീവനെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നും യുവതി കൈയ്യില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT