screengrab  
NATIONAL

"ഇത് രക്തസാക്ഷിത്വം"; ചാവേര്‍ ആക്രമണത്തെ ന്യായീകരിക്കുന്ന ഉമര്‍ നബിയുടെ വീഡിയോ

വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണ് എന്ന് വ്യക്തമല്ല

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ 13 പേരുടെ ജീവനെടുത്ത ചാവേറാക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് എന്ന ഉമന്‍-ഉന്‍-നബിയുടെ വീഡിയോ പുറത്ത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയില്‍ ഇത് 'രക്തസാക്ഷിത്വം' എന്നാണ് ഇയാള്‍ വിശേഷിപ്പിക്കുന്നത്.

വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണ് എന്ന് വ്യക്തമല്ല. ചാവേര്‍ ആക്രമണം എന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നാണ് വീഡിയോയില്‍ ഉമര്‍ നബി പറയുന്നത്. ഇത് രക്തസാക്ഷിത്വമാണെന്നും ഇയാള്‍ വാദിക്കുന്നു.

ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്തും സമയത്തും മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് വിളിക്കുന്നത്. എപ്പോള്‍, എവിടെ മരിക്കുമെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെന്നും അത് വിധിക്കപ്പെട്ടതാണെങ്കില്‍ സംഭവിക്കുമെന്നും ഇയാള്‍ പറയുന്നു. മരണത്തെ ഭയപ്പെടരുതെന്നും വീഡിയോയില്‍ ഉമര്‍ നബി പറയുന്നുണ്ട്.

ചാവേര്‍ ആക്രമണത്തിനു മുമ്പ് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആത്മഹത്യ നിഷിദ്ധമാണെന്ന് പറയുന്ന മതമാണ് ഇസ്ലാം. എന്നാല്‍, ചാവേര്‍ ആക്രമണത്തെ 'രക്തസാക്ഷിത്വം' എന്നാണ് ഉമര്‍ വിശേഷിപ്പിക്കുന്നത്. ഇതില്‍ നിന്നും ഇയാള്‍ ചാവേര്‍ ആക്രമണത്തിന് നേരത്തേ തന്നെ സജ്ജനായിരുന്നുവെന്ന് വ്യക്തമാകുകയാണ്.

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നത് വമ്പന്‍ ആക്രമണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയതിന് സമാനമായ ആക്രമണമാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ അനന്ത്‌നാഗ് സ്വദേശി ജാസിര്‍ ബിലാല്‍ വാനി എന്നയാളെ കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഡ്രോണുകളില്‍ രൂപം മാറ്റം വരുത്തിയും, റോക്കറ്റുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചും ഭീകരാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയെന്നും എന്‍ഐഎയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

SCROLL FOR NEXT