NATIONAL

തമിഴ്‌നാട് ബിജെപിയില്‍ വീണ്ടും രാജി; ഒഴിഞ്ഞത് സംസ്ഥാന സെക്രട്ടറി

ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് എക്‌സ് പോസ്റ്റില്‍ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന്‍ എന്നിവരുടെ പുറത്തുപോക്കിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ നിന്ന് വീണ്ടും രാജി. ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് ആണ് രാജിവെച്ചത്. പദവി ഒഴിഞ്ഞതായും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും സുമതി വെങ്കിടേഷ് എക്‌സിലൂടെ അറിയിച്ചു.

ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് എക്‌സ് പോസ്റ്റില്‍ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി മുറകെ പിടിക്കുന്ന ദേശീയതയിലും ദേശസ്നേഹത്തിലും രാജ്യസേവനത്തിലും ഇപ്പോഴും പ്രചോദിതയാണെന്നാണ് സുമതിയുടെ വാക്കുകള്‍.

അണ്ണാമലൈക്കു പിന്നാലെയുള്ള സുമതി വെങ്കിടേഷിന്റെ രാജി തമിഴ്‌നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, എന്താണ് അടുത്ത പദ്ധതിയെന്ന് സുമതി വ്യക്തമാക്കിയിട്ടില്ല.

ബിജെപിയില്‍ നിന്ന് പുറത്തു പോയ അണ്ണാമലൈ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും അതിവേഗത്തിലുള്ള വളര്‍ച്ചയുമാണ് പുതിയ വഴി തെരഞ്ഞെടുക്കാന്‍ അണ്ണാമലൈയെ സ്വാധീനിച്ചിട്ടുണ്ടാകുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പുതിയ രാഷ്ട്രീയ കൂട്ടായ്മയിലൂടെ യുവാക്കളുടെ പിന്തുണയാണ് അണ്ണാമലൈ പ്രതീക്ഷിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT