ബി.ആർ. ഗവായ് Source: BR Gavai/ANI
NATIONAL

"പാര്‍ലമെന്റല്ല, ഭരണഘടനയാണ് പരമോന്നതം; സര്‍ക്കാരിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചതുകൊണ്ട് മാത്രം ഒരു ജഡ്ജി സ്വതന്ത്രനാവില്ല"

"പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി വരുത്താന്‍ അധികാരമുണ്ട്, എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ കഴിയില്ല"

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ഭരണഘടനയാണ് പരമോന്നതമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നീ മൂന്ന് വിഭാഗങ്ങളും അതിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ബി.ആര്‍. ഗവായ് പറഞ്ഞു.

'നിരവധി പേര്‍ വിശ്വസിക്കുന്നത് പാര്‍ലമെന്റ് ആണ് പരമോന്നതെന്ന്. പക്ഷെ എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ഭരണഘടനയാണ് പരമോന്നതം. അതിന്റെ മൂന്ന് തൂണുകളായ എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവ ഭരണഘടനയ്ക്ക് താഴെയാണ് വരുന്നത്,' ബി.ആര്‍. ഗവായ് പറഞ്ഞു.

പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി വരുത്താന്‍ അധികാരമുണ്ട്, എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ കഴിയില്ല. സര്‍ക്കാരിനെതിരായി ഉത്തരവുകള്‍ പുറപ്പെടുവിച്ചതുകൊണ്ട് മാത്രം ഒരു ജഡ്ജി സ്വതന്ത്രനാവുകയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ പ്രതികരണം. ആളുകള്‍ എന്തു പറയും എന്നത് തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമാകാന്‍ പാടില്ല. ജുഡീഷ്യറി സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാഷ്ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും ബില്ലുകള്‍ പാസാക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിയെക്കുറിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ അടക്കം പരാമര്‍ശങ്ങള്‍ നിലനില്‍ക്കെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ബില്ലുകള്‍ പാസാക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിയില്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ബിജെപി നേതാക്കളും സുപ്രീംകോടതി വിധിക്കെതിരെ രംഗത്ത് വന്നിരുന്നു.

SCROLL FOR NEXT