NATIONAL

''കൂടുതല്‍ വ്യക്തത വരുത്തണം''; ആരവല്ലിയുടെ പുതിയ നിര്‍വചനം മരവിപ്പിച്ച് സുപ്രീം കോടതി

നടപ്പാക്കുന്നതിന് മുമ്പ് ഒരു സ്വതന്ത്ര സമിതിയുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി

Author : കവിത രേണുക

ന്യൂഡല്‍ഹി: ആരവല്ലി മലനിരകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിക്കൊണ്ടുള്ള നവംബര്‍ 20ലെ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതി. 100 മീറ്റര്‍ ഉയരത്തില്‍ കുറവുള്ള കുന്നുകളെ ആരവല്ലി കുന്നുകള്‍ എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കുന്ന വിധിന്യായവും വിദഗദ്ധ സമിതി ശുപാര്‍ശകളുമാണ് സുപ്രീം കോടതി മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് മരവിപ്പിച്ചത്.

ആരവല്ലി മലനിരകളുടെ നിര്‍വചനം സംബന്ധിച്ച് വനം, പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ വിദഗ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ നിര്‍വചനത്തിന് കീഴില്‍ ആരവല്ലി മലനിരകളുടെ ഖനനം നിര്‍ത്തുമോ തുടരാന്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അതില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയോടെ റിപ്പോര്‍ട്ടും കഴിഞ്ഞ മാസം വിഷയത്തില്‍ കോടതി നടത്തിയ നിരീക്ഷണങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കോടതിയുടെ റിപ്പോര്‍ട്ടോ മാര്‍ഗനിര്‍ദേശമോ നടപ്പാക്കുന്നതിന് മുമ്പ് ഒരു സ്വത്ര്രന സമിതിയുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ അത്തരം ഒരു നടപടികൂടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പുതിയ നിര്‍വചനത്തിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രതീം കോടതി കേസ് വീണ്ടും പരിഗണിച്ചത്.

SCROLL FOR NEXT