ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജിയെ വിലക്കിയ ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്‌യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഉത്തരവ് പിന്‍വലിച്ചത്. അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രശാന്ത് കുമാറിനെതിരെയായിരുന്നു സുപ്രീം കോടതിയുടെ അസാധാരണവും അപൂര്‍വവുമായ നടപടി.
ജസ്റ്റിസ് പ്രശാന്ത് കുമാറിനെതിരെ നടത്തിയ പരാമര്‍ശങ്ങളും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പിന്‍വലിച്ചു. സിവില്‍ തര്‍ക്കം ക്രിമിനല്‍ കേസാക്കി മാറ്റിയതിനെ തുടര്‍ന്നാണ് പ്രശാന്ത് കുമാറിനെ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. ഏറ്റവും മോശമായ ഉത്തരവുകളില്‍ ഒന്ന് എന്നും സുപ്രീം കോടതി വിശേഷിപ്പിച്ചിരുന്നു. ജഡ്ജി വിരമിക്കുന്ന കാലത്തോളം ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഉത്തരവിട്ടിരുന്നു.
ഉത്തരവ് പുനഃപരിശോധിക്കണമെന്നഭ്യര്‍ത്ഥിച്ച് ചീഫ് ജസ്റ്റിസ് ഗവായ് ജസ്റ്റിസ് പര്‍ദിവാലയ്ക്ക് കത്ത് നല്‍കിയിരുന്നു. ഉത്തരവ് പിന്‍വലിക്കുന്നതായും ഹൈക്കോടതിയില്‍ പുതിയ വാദം കേള്‍ക്കലിന് മാറ്റുകയും ചെയ്യുന്നതായി സുപ്രീം കോടതി വ്യക്തമാക്കി.
ഭാവിയില്‍ ഇത്തരം വികലമായ ഉത്തരവുള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതിയില്‍ പോലും നിയമവാഴ്ച നിലനിര്‍ത്തിയില്ലെങ്കില്‍ അത് നീതിന്യായ വ്യവസ്ഥയുടെ അവസാനമായിരിക്കുമെന്നും മുന്‍ ഉത്തരവ് പിന്‍വലിച്ചു കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ജഡ്ജിമാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും അവരുടെ കടമകള്‍ ഉത്സാഹത്തോടെ നിര്‍വഹിക്കുമെന്നും പ്രതീക്ഷിക്കുന്നതായും കേസ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
സിവില്‍ സ്വഭാവമുള്ള ബിസിനസ് ഇടപാടില്‍ ബാക്കി തുക നല്‍കിയില്ലെന്ന് ആരോപിക്കപ്പെട്ട കമ്പനിക്കെതിരായ മജിസ്‌ട്രേറ്റിന്റെ സമന്‍സ് ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതി ജഡ്ജി വിസമ്മതിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തുക തിരിച്ചുപിടിക്കാനായി പരാതിക്കാരനോട് സിവില്‍ പരിഹാരം തേടാന്‍ ആവശ്യപ്പെടുന്നത് യുക്തിരഹിതവും സമയമെടുക്കുന്നതുമാണെന്നായിരുന്നു ജഡ്ജിയുടെ വാദം.
ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് തെറ്റാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, തുക തിരിച്ചു പിടിക്കാന്‍ പരാതിക്കാരന് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് പറയുന്ന പരിധിവരെ ജഡ്ജി പോയെന്നും ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയെ പോലും പരിഹസിക്കുന്നതാണ് ജഡ്ജിയുടെ നിലപാടെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സ് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിഖര്‍ കെമിക്കല്‍സ് സമര്‍പ്പിച്ച അപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ലളിത ടെക്സ്റ്റെയില്‍സ് ശിഖര്‍ കെമിക്കല്‍സിന് 52.34 ലക്ഷം രൂപയുടെ സാധനങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ 47.75 ലക്ഷം രൂപ ശിഖര്‍ കെമിക്കല്‍സ് നല്‍കിയെങ്കിലും ബാക്കി തുക നല്‍കിയിരുന്നില്ല. തുക തിരിച്ചു കിട്ടാന്‍ ലളിത ടെക്സ്റ്റെയില്‍സ് ശിഖര്‍ കെമിക്കല്‍സിനെതിരെ ക്രിമിനല്‍ കേസ് നല്‍കി. തുടര്‍ന്ന് മജിസ്റ്റീരിയല്‍ കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും ശിഖര്‍ കെമിക്കല്‍സിന് സമന്‍സ് അയക്കുകയും ചെയ്തു.
എന്നാല്‍, സിവില്‍ സ്വഭാവമുള്ള തര്‍ക്കമാണിതെന്ന് വാദിച്ചു കൊണ്ട് ശിഖര്‍ കെമിക്കല്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, തുക തിരിച്ചുപിടിക്കാന്‍ പരാതിക്കാരനോട് സിവില്‍ പരിഹാരം തേടാന്‍ ആവശ്യപ്പെടുന്നത് സമയംകളയലും യുക്തിരഹിതവുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതിക്കു മുന്നില്‍ ഹര്‍ജി എത്തിയത്.