NATIONAL

"ഞങ്ങളുടെ സമയം കളയരുത്"; ഡല്‍ഹിയിലെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി

കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതിയും ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് അതിക്രമം നടത്തിയെന്ന പരാതികളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കാന്‍ പോലും കോടതി തയ്യാറായില്ല. 'കോടതിയുടെ സമയം പാഴാക്കരുത്' എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പ്രതികരണം. കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതിയും ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രക്ഷോഭത്തെ ക്രൂരമായ ലാത്തിച്ചാര്‍ജും, കണ്ണീര്‍ വാതകവുംകൊണ്ടാണ് ഡല്‍ഹി പൊലീസ് നേരിട്ടത്. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സബ്‌മിഷന്‍ പോലും വെട്ടിച്ചുരുക്കിയ ചീഫ് ജസ്റ്റിസ് "ഞങ്ങളുടെ സമയം വെറുതെ പാഴാക്കരുത്. നിങ്ങളുടെ സമയവും പാഴാക്കരുത്. വളരെ നന്ദി" എന്നാണ് പ്രതികരിച്ചത്. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളുണ്ട്, പരിശോധിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും, "ദൃശ്യങ്ങളിലൊന്നും കോടതിക്ക് താല്‍പ്പര്യമില്ലെന്നും, അതൊന്നും കാണാനുള്ള സമയമില്ലെന്നും" കൂടി ചീഫ് ജസ്റ്റിസ്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതിയും ഹര്‍ജി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. 'കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്' എന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി വിസമ്മതിച്ചത്.

ഡല്‍ഹി ജന്തര്‍ മന്ദറില്‍ സിജെപി നടത്തിയ പ്രക്ഷോഭത്തെ ഡല്‍ഹി പൊലീസും സേനയും ചേര്‍ന്നാണ് അടിച്ചമര്‍ത്തിയത്. ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ ഹനിച്ചതില്‍ സ്വമേധയാ കേസെടുക്കണം, വിഷയത്തില്‍ സിറ്റിങ് ജഡ്‌ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിക്കണം, കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കേസെടുക്കണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.

SCROLL FOR NEXT