ഡൽഹി: തമിഴ് കവിയും ഗാനരചയിതാവുമായ ആർ.വെെരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. അകിലൻ (1975), ജയകാന്തൻ (2002) എന്നിവരാണ് ജ്ഞാനപീഠ പുര്സകാരം ലഭിച്ച മറ്റ് തമിഴ് എഴുത്തുകാർ.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിലാണ് വൈരമുത്തുവിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ തമിഴ് ഭാഷയിലും സാഹിത്യത്തിലും ആകൃഷ്ടനായിരുന്നു വൈരമുത്തു.1960കളിൽ തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ മുന്നേറ്റവും എഴുത്തുകാരനെന്ന നിലയിൽ വൈരമുത്തുവിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
1980ൽ നിഴൽകൾ എന്ന ഭാരതിരാജ ചിത്രത്തിന് ഗാനരചയിതാവായാണ് സിനിമയിൽ വൈരമുത്തു അരങ്ങേറ്റം നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ 7,500ൽ അധികം പാട്ടുകളും കവിതകളും രചിച്ചു. കവിതാസമാഹാരങ്ങളും തമിഴ് നോവലുകളും ഉൾപ്പടെ 37 പുസ്തകങ്ങളാണ് വൈരമുത്തു രചിച്ചിട്ടുള്ളത്. അവയിൽ പലതും ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, റഷ്യൻ, നോർവീജിയൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്
മുതൽ മര്യാദൈ എന്ന ചിത്രത്തിലൂടെയാണ് 1985ൽ ഗാനരചനയ്ക്ക് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഏഴ് ദേശീയ അവാർഡുകളും ആറ് സംസ്ഥാന പുരസ്കാരങ്ങളും 10 ഫിലിം ഫെയർ അവാർഡുകളും വൈരമുത്തു നേടിയിട്ടുണ്ട്. 1990ൽ കലൈമാമണി പുരസ്കാരം ലഭിച്ചു. 2003ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.