തമിഴ്നാട്: രാമനാഥപുരത്ത് വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കീലക്കരൈയ്ക്ക് സമീപമുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ വച്ചാണ് അപകടമുണ്ടായത്.
ഒരു ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന എ.പി. രജിസ്ട്രേഷനുള്ള ഒരു നിർത്തിയിട്ട കാറിൽ വാഹനം ഇടിക്കുകയായിരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശികളാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം. രണ്ട് വാഹനങ്ങളിലുമായി പരിക്കുകളോടെ ഏഴ് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ, നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ ഇരുന്ന അഞ്ച് പേരിൽ നാലുപേരും, മറ്റേ വാഹനത്തിലുണ്ടായിരുന്ന ഒരാളും മരിക്കുകയായിരുന്നു.
നാലു പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചുവെന്നും ഒരാൾ ആശുപത്രിയിലെത്തിയ ശേഷം മരണപ്പെടുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കീലക്കരൈ സ്വദേശികളായ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രാ പ്രദേശ് സ്വദേശികളായ രാമചന്ദ്ര റാവു (55), അപ്പറാവു നായിഡു (40), ബന്ദന ചന്ദ്ര റാവു (42), രാമർ (45) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മരിച്ച മുഷ്താഖ് അഹമ്മദ് ഡിഎംകെ പ്രവർത്തകനാണ്.