ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള നിർമാണ ധാതുക്കളുടെ കയറ്റുമതിയിൽ കടിഞ്ഞാണിട്ട് തമിഴ്നാട് സർക്കാർ. കെട്ടിട നിർമാണത്തിന് ആവശ്യമായ വസ്തുക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിനാണ് കർശന നിയന്ത്രണം ഏർപ്പെടാൻ ഒരുങ്ങുന്നത്.
എം-സാൻ്റ്, ജല്ലി, കരിങ്കല്ല് തുടങ്ങിയവ കയറ്റി അയക്കുന്നതിൽ നിബന്ധന കൊണ്ടുവരും. കെട്ടിട നിർമാണത്തിന് ആവശ്യമായ പല വസ്തുക്കളെയും കേരളം ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. നിയമങ്ങൾ കർക്കശമാക്കുന്നതോടെ കേരളത്തിലെ നിർമാണ മേഖലയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
എം-സാൻ്റ്, കരിങ്കല്ല് പോലുള്ള വസ്തുക്കളുടെ ക്ഷാമം ഉണ്ടായാൽ അവ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ട് പോകുന്നത് തടയാനും നിയന്ത്രിക്കാനുമുള്ള അധികാരം ജിയോളജി ആൻ്റ് മൈനിങ് വകുപ്പിന് സർക്കാർ നൽകിയിട്ടുണ്ട്. 2011-ലെ തമിഴ്‌നാട് പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിംഗ്, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് സ്റ്റോറേജ് ഓഫ് മിനറൽസ്' നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്.
എം-സാൻഡ് (M-Sand), മെറ്റൽ ജെല്ലി, പരുക്കൻ കല്ലുകൾ, വലിയ പാറക്കല്ലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. തമിഴ്‌നാട്ടിലെ നിർമാണ ആവശ്യങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്ത് ക്ഷാമം ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രമേ താൽക്കാലിക നിയന്ത്രണങ്ങൾ ഉണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ലോഹ ജെല്ലി, ബാലസ്റ്റ്, മറ്റ് നിർമാണ സാമഗ്രികൾ എന്നിവയുടെ അളവ് ജിയോളജി ആൻ്റ് മൈനിങ് വകുപ്പ് ഇനി നിരീക്ഷിക്കും.
തമിഴ്നാട്ടിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന നിർമ്മാണ സാമഗ്രികളുടെ അളവ് ഉദ്യോഗസ്ഥർ പരിശോധിക്കും. അയൽ സംസ്ഥാനങ്ങളിലേക്ക് ഈ വസ്തുക്കൾ വലിയ തോതിൽ കൊണ്ടുപോകുന്നത് തമിഴ്‌നാട്ടിൽ ക്ഷാമത്തിന് കാരണമായെന്നും ഇത് വില വർദ്ധിപ്പിക്കുകയും പദ്ധതി ചെലവ് 30% വരെ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന നിർമാണ മേഖലയിലുള്ളവരുടെ പരാതിയെ തുടർന്നാണ് തീരുമാനം.