NATIONAL

കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവ്; ബിഹാറിലെ സിപിഐഎം ഓഫീസിന്റെ തമിഴ് ബന്ധം

പട്‌ന നഗരത്തിന്റെ ഹൃദയഭാഗത്ത് ജമാല്‍ റോഡില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഈ കെട്ടിടത്തിന് ഒരു സ്‌നേഹത്തിന്റെ കഥ പറയാനുണ്ട്.

Author : ന്യൂസ് ഡെസ്ക്

പട്‌ന: ബിഹാറിലെ കോടികള്‍ വിലമതിക്കുന്ന സംസ്ഥാന ഓഫീസ് കെട്ടിടത്തിന് തമിഴ്‌നാടുമായി ഒരു ബന്ധമുണ്ട്... 1964 ല്‍ വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം സിപിഐ വിട്ട് സിപിഐഎം രൂപീകരിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള പി രാമമൂര്‍ത്തിയുടെ മകളുടെ ബംഗ്ലാവാണ് ഇന്നത്തെ സിപിഎം പാര്‍ട്ടി ഓഫീസ്. സംസ്ഥാന കമ്മിറ്റിയുടെ സാമ്പത്തിക നിലനില്‍പിന് തന്നെ കരുത്താകുന്നത് ഈ പാര്‍ട്ടി ഓഫീസാണ്.

പട്‌ന നഗരത്തിന്റെ ഹൃദയഭാഗത്ത് ജമാല്‍ റോഡില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഈ കെട്ടിടത്തിന് ഒരു സ്‌നേഹത്തിന്റെ കഥ പറയാനുണ്ട്. സിഐടിയുവിന്റെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായ പി രാമമൂര്‍ത്തിയുടെ മകള്‍ ഡോക്ടര്‍ പൊന്നിയാണ് പൊന്നും വിലയുള്ള ഈ കെട്ടിടം നല്‍കിയത്.

തമിഴ്‌നാട്ടുകാരന്‍ രാമമൂര്‍ത്തിയുടെ മകള്‍ പൊന്നി എങ്ങനെ ബിഹാറില്‍ സ്ഥലം ഉടമയായി എന്നല്ലേ? ഡോക്ടര്‍ പൊന്നി വിവാഹം കഴിച്ചത് ബിഹാറില്‍ നിന്നുള്ള ജഡ്ജിയുടെ മകനായ ഡോക്ടറെയാണ്. ഭര്‍ത്താവിന് പാരമ്പര്യ സ്വത്തായി ലഭിച്ച കെട്ടിടമാണ് തുച്ഛമായ വിലക്ക് സിപിഎമ്മിന് നല്‍കിയത്.

പ്രകാശ് കാരട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്ത് ബിഹാര്‍ ചുമതലയുണ്ടായിരുന്ന എസ് രാമചന്ദ്രന്‍ പിള്ളയുടെ ഇടപെടലാണ് കെട്ടിടം ലഭിക്കാന്‍ കാരണമായതെന്ന് കേന്ദ്ര കമ്മിറ്റി അംഗം അരുണ്‍ കുമാര്‍ മിശ്ര ന്യൂസ് മലയാളത്തോട് പറഞ്ഞു.

ബിഹാറില്‍ വലിയ സ്വാധീനമില്ലാത്ത സിപിഐഎമ്മിനെ സംബന്ധിച്ച് കെട്ടിടത്തിന് ലഭിക്കുന്ന വാടക സാമ്പത്തികമായി വലിയ നേട്ടമാണ്. 24 ഓളം കടകള്‍ ഈ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.

SCROLL FOR NEXT