NATIONAL

ജെല്ലിക്കെട്ട് വിജയിക്ക് സര്‍ക്കാര്‍ ജോലി; പ്രഖ്യാപനവുമായി എം.കെ. സ്റ്റാലിന്‍

ശനിയാഴ്ച മധുരൈ ജില്ലയിലെ ആളങ്കനല്ലൂര്‍ ജെല്ലിക്കെട്ടിനിടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം.

Author : കവിത രേണുക

മധുരൈ: ജെല്ലിക്കെട്ടില്‍ മത്സരിച്ച് വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പില്‍ ജോലി നല്‍കുമെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത വേളയിലാണ് പ്രഖ്യാപനമെന്നും വിലയിരുത്തലുകളുണ്ട്.

ശനിയാഴ്ച മധുരൈ ജില്ലയിലെ ആളങ്കനല്ലൂര്‍ ജെല്ലിക്കെട്ടിനിടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം. ആളങ്കനല്ലൂരില്‍ കാളകളുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപ ചെലവില്‍ അത്യാധുനിക ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളങ്കനല്ലൂരില്‍ ജല്ലിക്കെട്ട് മത്സരം തുടങ്ങി കഴിഞ്ഞാണ് സ്റ്റാലിന്‍ എത്തിയത്. പരിപാടിയില്‍ 1000 കാളകളും 491 മത്സരാര്‍ഥികളും പങ്കെടുത്തു. കാളകളുടെ ഉടമസ്ഥരും മത്സരാര്‍ഥികളും പൊലീസുകാരുമടക്കം 63 പേര്‍ക്ക് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. കാള ഉടമകളും മത്സരത്തില്‍ പങ്കെടുക്കാനുമായി എത്തിയ ഒരു സ്ത്രീയടക്കം ഏഴ് പേര്‍ക്ക് സ്വര്‍ണ നാണയവും മോതിരവും നല്‍കി.

19 ഓളം കാളകളെ മെരുക്കിയ കറുപ്പായൂരണി സ്വദേശി കാര്‍ത്തിയാണ് വിജയി. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത കാറും ഇദ്ദേഹത്തിന് ലഭിച്ചു. 17 കാളകളെ മെരുക്കിയ അബി സിത്താര്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇദ്ദേഹത്തിന് ഇരുചക്ര വാഹനമാണ് ലഭിച്ചത്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീധറിന് ഒരു ഇലക്ട്രിക് ബൈക്കും ലഭിച്ചു.

SCROLL FOR NEXT