NATIONAL

'ദേശീയഗാനത്തെ അവഹേളിച്ചു'; തമിഴ്നാട് നിയമസഭാ സമ്മേളനത്തില്‍ നിന്ന് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി

സംസ്ഥാന ഗാനത്തിന് ശേഷം ദേശീയ ഗാനം ആലപിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അപ്പാവു നിരസിക്കുകയായിരുന്നു.

Author : കവിത രേണുക

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സമ്മേളനത്തില്‍ നിന്ന് നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഇറങ്ങിപ്പോയി ഗവര്‍ണര്‍ ആര്‍.എന്‍. രവി. 2026ലെ ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്.

നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ദേശീയഗാനത്തിന് പകരം സംസ്ഥാന ഗാനം ആലപിച്ചത് അവഹേളനമാണെന്നും, തന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തിയത് നിര്‍ഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയത്. എന്നാല്‍ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചതായി കണക്കാക്കുമെന്ന് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി.

സംസ്ഥാന ഗാനത്തിന് ശേഷം ദേശീയ ഗാനം ആലപിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അപ്പാവു നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറങ്ങിപ്പോയതിന് പിന്നാലെ വിശദീകരണവുമായി ലോക്ഭവന്‍ പ്രസ്താവന പുറത്തിറക്കി. ഗവര്‍ണറുടെ മൈക്ക് തുടര്‍ച്ചയായി ഓഫ് ചെയ്യപ്പെട്ടുവെന്നും സംസാരിക്കാന്‍ അനുവദിച്ചില്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ നിരവധി തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ ഉണ്ടായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

SCROLL FOR NEXT