എ.ആര്‍. റഹ്‌മാനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരി തസ്ലീമ നസ്രിൻ. എക്‌സിലൂടെയാണ് തസ്ലീമ നസ്രിന്റെ പ്രതികരണം. സിനിമയില്‍ വിവേചനം നേരിടാന്‍ കഴിയാത്തത്ര സമ്പന്നനും പ്രശസ്തനുമാണ് എ.ആര്‍. റഹ്‌മാന്‍ എന്നാണ് തസ്ലീമയുടെ പ്രതികരണം.
തസ്ലീമ നസ്‌റിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
'ഇന്ത്യയില്‍ അതിപ്രശസ്തനായ മുസ്ലീമാണ് എ.ആര്‍. റഹ്‌മാന്‍. കേട്ടിടത്തോളം അദ്ദേഹത്തിന്റെ പ്രതിഫലം മറ്റെല്ലാവരേക്കാളും കൂടുതലാണ്. ഒരുപക്ഷെ, ഏറ്റവും സമ്പന്നനായ സംഗീത സംവിധായകനും അദ്ദേഹമായിരിക്കും. ഒരു മുസ്ലീമായതു കൊണ്ട് ബോളിവുഡില്‍ അവസരം ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ബോളിവുഡിലെ ബാദ്ഷാ ഇപ്പോഴും ഷാരൂഖ് ഖാന്‍ തന്നെയാണ്. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, ജാവേദ് അക്തര്‍, ഷബാന അസ്മി എന്നിവരെല്ലാം ഇന്ത്യയില്‍ സൂപ്പര്‍ സ്റ്റാറുകളാണ്.
ഏത് മതമോ ജാതിയോ വിഭാഗമോ ആയിക്കൊള്ളട്ടെ, പ്രശസ്തരും സമ്പന്നരുമായവര്‍ എവിടേയും വെല്ലുവിളികള്‍ നേരിടാറില്ല. എന്നെപ്പോലുള്ള ദരിദ്രരാണ് ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്നത് മുസ്ലീം വിരുദ്ധര്‍ക്ക് വിഷയമല്ല.
എനിക്ക് വീട് വാടകയ്ക്ക് തരാന്‍ ആരും തയ്യാറല്ല. നിരീശ്വരവാദിയായിരുന്നിട്ടു പോലും ഹൈദരാബാദില്‍ എന്നെ മര്‍ദിച്ചു. ഔറംഗാബാദില്‍ എനിക്ക് കാല് കുത്താനാകില്ല. പശ്ചിമ ബംഗാളില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെട്ടു.
ഇത്തരം പ്രശ്‌നങ്ങള്‍ എ. ആര്‍. റഹ്‌മാന്റെയോ ബോളിവുഡിലെ മുസ്ലീം താരങ്ങളുടെയോ ജീവിതത്തിന്റെ അങ്ങേയറ്റത്തെ അതിരുകള്‍ക്കുള്ളില്‍ പോലും വരുന്നില്ല. ഞാന്‍ ഒരു പൗരനല്ല. ഒരു പൗരനും സ്ഥിരവാസിക്കും ഇടയില്‍, വോട്ടവകാശം ഒഴികെ, മറ്റെല്ലാ അവകാശങ്ങളും ഒന്നുതന്നെയാണ് - കുറഞ്ഞത് നിയമം അങ്ങനെ പറയുന്നു.
പല പൗരന്മാരും ഇന്ത്യയില്‍ കഴിയുന്നത് സ്‌നേഹം കൊണ്ടല്ല, ഞാന്‍ ഇവിടെ ജീവിക്കുന്നത് ഇഷ്ടപ്പെട്ടിട്ടാണ്. തത്വങ്ങളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും ഞാന്‍ ഒരിക്കലും വ്യതിചലിക്കുന്നില്ല.
ഇസ്ലാമിന്റെ അസ്ഥികളും മജ്ജയും ഒഴിവാക്കിയിട്ടും നാടുകടത്തല്‍ നേരിടുമ്പോഴും ആളുകള്‍ എന്നോട് ചോദിക്കുന്നത്, നിങ്ങള്‍ ചന്ദ്രനെ കണ്ടല്ലേ ഈദ് ആഘോഷിക്കുന്നത്, നിങ്ങള്‍ക്കിടയില്‍ ബഹുഭാര്യത്വം നില്‍നില്‍ക്കുന്നില്ലേ എന്നൊക്കെയാണ്. ഇവിടുത്തെ സാധാരണക്കാര്‍ക്ക് നിരീശ്വരവാദത്തെ കുറിച്ചോ അതിലെ മാനവികതയെ കുറിച്ചോ ഒന്നും അറിയില്ല.
അതില്‍ എനിക്കൊന്നും ചെയ്യാനില്ല. ഈ നാട്ടിലെ സ്ത്രീകളും പുരുഷന്മാരും എന്റെ ആളുകളാണ്. ഈ മണ്ണിന്റെ സംസ്‌കാരം എന്റെ കൂടിയാണ്. അത് ഉപേക്ഷിച്ച് എനിക്ക് എത്രദൂരം മുന്നോട്ടു പോകാന്‍ കഴിയും?
ഹിന്ദുക്കളും മുസ്ലീങ്ങളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും നിരീശ്വരവാദികളും വിശ്വാസികളും ഒരുപോലെ ആദരിക്കുന്നയാളാണ് എ.ആര്‍. റഹ്‌മാന്‍. സഹതാപം ഏറ്റുവങ്ങുന്നത് അദ്ദേഹത്തിന് യോജിച്ചതല്ല.'
ബിബിസി ഏഷ്യന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്റെ തുറന്നുപറച്ചില്‍. കഴിഞ്ഞ എട്ട് വര്‍ഷമായി തനിക്ക് ലഭിക്കുന്ന ജോലികള്‍ കുറഞ്ഞെന്നും ഇതിന് പിന്നില്‍ ചിലപ്പോള്‍ വര്‍ഗീയമായ കാരണങ്ങളാകാം എന്നുമായിരുന്നു റഹ്‌മാന്‍ പറഞ്ഞത്. ബോളിവുഡില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഇപ്പോള്‍ സര്‍ഗാത്മകത ഇല്ലാത്തവരുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതിനു പിന്നാലെ, വിശദീകരണവുമായി റഹ്‌മാന്‍ രംഗത്തെത്തിയിരുന്നു. ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി മനസിലാക്കപ്പെട്ടതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.