ബബ്ലു ദണ്ഡോലിയ, ഭാര്യ രാജ്കുമാരി ദണ്ഡോലിയ Source: Screengrab/ NDTV
NATIONAL

രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലിക്ക് വിലക്ക്; മധ്യപ്രദേശിൽ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് അധ്യാപകൻ

ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ഇരുവരും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചത്

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശ്: ചിന്ത്വാരയിൽ നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. സർക്കാർ അധ്യാപകനായ ബബ്ലു ദണ്ഡോലിയയും ഭാര്യ രാജ്കുമാരി ദണ്ഡോലിയയുമാണ് കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചത്. രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ ജോലിക്ക് വിലക്കുള്ളതിനാലാണ് ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ ഇരുവരും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചത്.

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ജോലി വിലക്കുള്ള സർക്കാർ നിയമങ്ങൾ പ്രകാരം ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താൽ ദമ്പതികൾ ഗർഭവിവരം രഹസ്യമാക്കി വച്ചിരുന്നു. ദമ്പതികൾക്ക് ഇതിനകം മൂന്ന് കുട്ടികളുണ്ടായിരുന്നു. സെപ്റ്റംബർ 23നാണ് ഇരുവർക്കും നാലാമതായി ഒരു കുഞ്ഞ് കൂടി പിറന്നത്. എന്നാൽ, ജനിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ നന്ദൻവാടി വനത്തിലെ കല്ലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

നടക്കാനിറങ്ങിയ ഗ്രാമവാസികളാണ് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് അന്വേഷിച്ചെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. "ആദ്യം എന്തോ മൃഗമാണെന്നാണ് കരുതിയത്. അടുത്തേക്ക് ചെന്നപ്പോഴാണ് കുഞ്ഞിൻ്റെ ചെറിയ കൈകകൾ കണ്ടത്," കുഞ്ഞിനെ കണ്ടെത്തിയവർ പറഞ്ഞു. ഇവർ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചിന്ദ്‌വാര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കുഞ്ഞിന് ഉറുമ്പ് കടിയേറ്റതായും ഹൈപ്പോഥെർമിയയുടെ ലക്ഷണങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. രാത്രിയിൽ കാട്ടിൽ കുഞ്ഞ് അതിജീവിച്ചത് അത്ഭുതമാണെന്നും ഡോക്ടർമാർ പറഞ്ഞു.

കുട്ടിയെ ഉപേക്ഷിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 93 പ്രകാരം പൊലീസ് കേസെടുത്തു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നവജാതശിശുക്കൾ ഉപേക്ഷിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്.

SCROLL FOR NEXT