മരിച്ച കോമൾ 
NATIONAL

പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിൽ തർക്കം; ടെക്കി പങ്കാളിയെ തല്ലിക്കൊന്ന് രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന് യുവാവ്

ഗുരുതരമായി പരിക്കേറ്റ കോമൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

പൂനെ: അവിഹിത ബന്ധം സംശയിച്ചുണ്ടായ തർക്കത്തിനൊടുവിൽ ലിവ്-ഇൻ പങ്കാളിയെ മർദിച്ചുകൊലപ്പെടുത്തി സോഫ്റ്റ്‌വെയർ എൻജിനീയർ. മഹാരാഷ്ട്രയിലെ പൂനെ ഹിഞ്ചേവാഡിയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഒരു രാത്രി മുഴുവൻ യുവതിയുടെ മൃതദേഹത്തിനരികിൽ ഇരുന്ന പ്രതി, പിറ്റേന്ന് രാവിലെയാണ് വിവരം പൊലീസിനെ അറിയിച്ചത്.

വാർധ സ്വദേശിനിയായ കോമൾ ദഹാലെയാണ് കൊല്ലപ്പെട്ടത്. ഇൻഫോസിസിൽ ജോലി ചെയ്യുന്ന ബുൾദാന സ്വദേശി ശുഭം ജ്ഞാനേശ്വർ കൽബന്ദെയാണ് കേസിലെ പ്രതി. ഇരുവരും സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. മൂന്ന് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു.

എന്നാൽ ശുഭത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് കോമൾ സംശയിച്ചിരുന്നതായും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പതിവായി തർക്കങ്ങളുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇത്തരത്തിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലെത്തിയത്. തർക്കത്തിനിടെ ശുഭം കോമളിനെ ക്രൂരമായി മർദിക്കുകയും തലയിലും കഴുത്തിലും ചവിട്ടുകയും ചെയ്തെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കോമൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹത്തിനരികിൽ രാത്രി മുഴുവൻ ചെലവഴിച്ച ശുഭം പിറ്റേന്ന് രാവിലെ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കോമളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.സംഭവത്തിൽ ശുഭമിനെ ഹിഞ്ചേവാഡി പൊലീസ് അറസ്റ്റ് ചെയ്തു.

SCROLL FOR NEXT