യുവരാജ് മെഹ്ത Source: Screengrab
NATIONAL

മൂടൽമഞ്ഞിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വെള്ളക്കെട്ടിൽ വീണു; നോയിഡയിൽ ടെക്കിക്ക് ദാരുണാന്ത്യം

27കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുവരാജ് മെഹ്തയാണ് മരിച്ചത്...

Author : ന്യൂസ് ഡെസ്ക്

നോയിഡ: കഠിനമായ മൂടൽമഞ്ഞിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഐടി ജീവനക്കാരന് ദാരുണാന്ത്യം. 27കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ യുവരാജ് മെഹ്തയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നോയിഡ സെക്ടർ 150ന് സമീപത്ത് വച്ച് ജോലി കഴിഞ്ഞ് വരും വഴി യുവരാജ് അപകടത്തിൽ പെട്ടത്. വെള്ളം നിറഞ്ഞ 70 അടി താഴ്ചയുള്ള കുഴിയിലേക്കാണ് യുവരാജ് വീണത്.

അപകടത്തിൽ പെട്ട് കാറിനുള്ളിൽ കുടുങ്ങിയ യുവരാജ് അച്ഛനെയും സുഹൃത്തിനെയും വിളിച്ച് സഹായത്തിന് വേണ്ടി അഭ്യർഥിച്ചിരുന്നു. "അച്ഛാ, ഞാൻ വെള്ളം നിറഞ്ഞ ഒരു കുഴിയിൽ വീണിരിക്കുന്നു. മുങ്ങിക്കൊണ്ടിരിക്കുകയാണ്, പെട്ടന്ന് വന്ന് രക്ഷിക്കൂ, എനിക്ക് മരിക്കേണ്ട" എന്നാണ് യുവരാജ് അച്ഛനെ വിളിച്ച് പറഞ്ഞത്. എന്നാൽ, ഫോൺ ചെയ്ത് നിമിഷങ്ങൾക്കകം കാർ പൂർണമായും മുങ്ങി. ഉടനെ അധികൃതരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. ഇന്ന് കാർ പുറത്തെടുക്കുമ്പോൾ യുവരാജ് മരണപ്പെട്ടിരുന്നു.

ഗുരുഗ്രാമിലെ ഒരു കസ്റ്റമർ ഡാറ്റ സയൻസ് കമ്പനിയായ ഡൺഹമ്പി ഇന്ത്യയിലാണ് യുവരാജ് ജോലി ചെയ്തിരുന്നത്. കനത്ത മൂടൽമഞ്ഞും സ്ട്രീറ്റ് ലൈറ്റുകളുടെയും റിഫ്ലക്ടറുകളുടെയും അഭാവവും കാരണം, സെക്ടർ 150ലെ എടിഎസിലെ ഗ്രാൻഡിയോസിനടുത്തുള്ള കുത്തനെയുള്ള വളവിൽ, സമീപത്തുള്ള രണ്ട് ഡ്രെയിനേജ് ബേസിനുകൾ യുവരാജിന് കാണാൻ കഴിയാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.

യുവരാജ് കാറിനുള്ളിൽ കിടന്ന് ജീവനുവേണ്ടി നിലവിളിക്കുകയായിരുന്നുവെന്ന് സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ട ഡെലിവെറി ഏജൻ്റ് മോനീന്ദർ പറഞ്ഞു. രക്ഷാപ്രവർത്തനം വൈകിയാണ് ആരംഭിച്ചതെന്നും ആദ്യം പൊലീസ് വെള്ളത്തിലിറങ്ങാൻ തയ്യാറായിരുന്നില്ലെന്നും ഡെലിവെറി ഏജൻ്റ് വ്യക്തമാക്കി. കേസിൽ എന്തെങ്കിലും അനാസ്ഥ സംഭവിച്ചതായി കണ്ടെത്തിയാൽ അന്വേഷിക്കുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും നോളജ് പാർക്ക് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സർവേഷ് കുമാർ ചൂണ്ടിക്കാട്ടി.

SCROLL FOR NEXT