ഗ്യാനേഷ് കുമാറിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭം നടക്കുമ്പോള്‍, 10 മാസം മുമ്പ് അദ്ദേഹത്തിനെഴുതിയ കത്തിനെക്കുറിച്ച് ഓര്‍മിപ്പിച്ച് കേരളത്തിലെ മുന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിഷ്പക്ഷതയെയും പ്രവർത്തനക്ഷമതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഗൗരവമായി കാണണം എന്നാവശ്യപ്പെട്ടായിരുന്നു ടീക്കാറാം മീണ ഗ്യാനേഷിന് കത്തെഴുതിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഗ്യാനേഷ് മറുപടി നല്‍കിയ രീതിയെയും, 272 ബ്യൂറോക്രാറ്റുകളുടെ തുറന്ന കത്തിനെയും ടീക്കാറാം മീണ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ വിമര്‍ശിച്ചെങ്കിലും സാധാരണ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും കൂടെനിന്നുവെന്ന് ടീക്കാറാം മീണ ഫേസ്ബുക്കില്‍ കുറിച്ചു. ഗ്യാനേഷിനെ കൂടാതെ സുഖ്ബീർ സിങ് സന്ധുവിനും വിവേക് ജോഷിക്കും കത്തയച്ചിരുന്നുവെന്നും, അതില്‍ അവര്‍ ഇടപെട്ട രീതിയില്‍ ഇപ്പോള്‍ സന്തോഷിക്കുന്നുവെന്നും ടീക്കാറാം മീണ കുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഗ്യാനേഷിന്റെ നിഷ്പക്ഷതയെയും പ്രവർത്തനക്ഷമതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഗൗരവമായി കാണണം എന്നാവശ്യപ്പെട്ടായിരുന്നു 2025 നവംബര്‍ 23ന് ടീക്കാറാം മീണ കത്തെഴുതിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ച് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി എംപി ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുക എന്നത് ധാർമികവും ഭരണഘടനാപരവുമായ അദ്ദേഹത്തിന്റെ അവകാശമാണ്. അതിന് മാന്യമായും ഉത്തരവാദിത്തബോധത്തോടെയുമാണ് ഉത്തരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ താങ്കളുടെ വാര്‍ത്താസമ്മേളനം പ്രതിരോധാത്മകവും ആക്രമണാത്മകവുമായിരുന്നു.
മാത്രമല്ല, രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി-ഹൈക്കോടതി മുൻ ജഡ്‌ജിമാർ, മുൻ അംബാസഡർമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 272 പേര്‍ എഴുതിയ തുറന്ന കത്ത് തീര്‍ത്തും അനാവശ്യവും അനവസരത്തിലുള്ളതുമായിരുന്നു. ഒരു പ്രത്യേക രാഷ്ട്രീയ പക്ഷത്തെ അനുകൂലിക്കുന്ന തരത്തിലുള്ള കത്ത്, ഇന്ത്യന്‍ ബ്യൂറോക്രസിക്ക് തന്നെ കളങ്കമായിരിക്കുന്നു. അതിനെ 'അമിത വിധേയത്തിന്റെ പാരമ്യം' എന്ന് വിളിക്കാനാഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും തെളിയിക്കാൻ വിരമിച്ച ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ? എന്നിങ്ങനെ വിമര്‍ശനങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും പുനഃസ്ഥാപിക്കാന്‍ താങ്കള്‍ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്ന് ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു മീണ കത്തില്‍ പറഞ്ഞിരുന്നത്. ഇക്കാര്യമാണ് മീണ വീണ്ടും ഫേസ്ബുക്കില്‍ ഓര്‍മിപ്പിച്ചത്.
കുറിപ്പിന്റെ സ്വതന്ത്രവിവര്‍ത്തനം
പത്ത് മാസം മുമ്പ് ഞാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഒരു കത്ത് എഴുതിയിരുന്നു! നിങ്ങളെല്ലാവരും അത് ഓർക്കുന്നുണ്ടോ? അതിന്റെ പേരിൽ പല ഐഎഎസ് ഉദ്യോഗസ്ഥരും എന്നെ വിമർശിച്ചു. എന്നാൽ രാജ്യത്തെ ഭൂരിഭാഗം ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും ലക്ഷക്കണക്കിന് സാധാരണക്കാരും ആ കത്തിനെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. അതെല്ലാം ഞാന്‍ എന്റെ ഫേസ്ബുക്ക് പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്ക് നിരവധി ഫോൺ കോളുകളും ലഭിച്ചിരുന്നു!
കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിലും എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടുകൊണ്ടുമാണ് ഞാന്‍ ആ കത്ത് (23-11-2025) എഴുതിയത്. ഇന്നുവരെ ഗ്യാനേഷ്‌ജിയില്‍നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. അതിനു പിന്നാലെ, (16-12-25) എന്റെ അടുത്ത സുഹൃത്തുക്കളും ബാച്ച്‌മേറ്റുകളുമായ സുഖ്ബീർ സിങ് സന്ധുവിനും വിവേക് ജോഷിക്കും (ഇരുവരും തെരഞ്ഞെടുപ്പ് കമ്മീഷണർമാരാണ്) ഞാൻ മറ്റൊരു കത്തും എഴുതി! അതേത്തുടര്‍ന്ന്, ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ഗ്യാനേഷിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതിപ്പോള്‍ പുറത്തുവന്നിരിക്കുന്നു.
ഇന്ത്യൻ എക്സ്പ്രസ് പത്രം പുറത്തുവിട്ട വെളിപ്പെടുത്തലുകൾക്കു പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ 'രാജ്യദ്രോഹി', 'ജനാധിപത്യത്തിന്റെ ശത്രു', 'ജനാധിപത്യത്തെ കൊലപ്പെടുത്തുന്നയാള്‍' എന്നിങ്ങനെ ആരോപണങ്ങൾ ഉയരുകയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ്, രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തീരുമാനിച്ചാൽ പല കാര്യങ്ങളും തിരുത്താൻ കഴിയുമെന്ന് എന്റെ മുൻ പോസ്റ്റിൽ ഞാൻ എഴുതിയത്. വെല്‍ ഡണ്‍, സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ ഗ്യാനേഷ് സ്വീകരിച്ച ഏകപക്ഷീയ നിലപാടുകളെ തടയാനും സ്ഥാപനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാനും നിങ്ങൾ ഇരുവരും അവസരത്തിനൊത്ത് നിലകൊണ്ടു. രാജ്യത്തെ മരണോന്മുഖമായ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതീക്ഷയാണ് ഇത് നല്‍കുന്നത്. ജയ് ഹിന്ദ്!