ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സഹോദരൻ തേജ് പ്രതാപ് യാദവ്. സംസ്ഥാന തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ വൻ പരാജയത്തിന് കാരണക്കാരിയാണെന്ന് ആരോപിക്കപ്പെട്ടതിനെത്തുടർന്നാണ് രോഹിണി മലയാളം ന്യൂസ് ലൈവ്പാർട്ടിയുമായും കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി വ്യക്തമാക്കിയത്. തനിക്കെതിരെ ഒരു ചെരിപ്പു വരെ ഉയർത്തിയതായും രോഹിണി ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് രോഹിണിയെ പിന്തുണച്ച് സഹോദരൻ തേജ് പ്രതാപ് രംഗത്തെത്തിയത്. എനിക്ക് സംഭവിച്ചത് ഞാൻ സഹിച്ചു. പക്ഷേ തൻ്റെ സഹോദരിക്ക് നേരിട്ട അപമാനം ഏത് സാഹചര്യത്തിലും സഹിക്കാനാവില്ലെന്നാണ് തേജ് പ്രതാപ് തൻ്റെ ഓൺലൈൻ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഈ സംഭവം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞെന്നും തൻ്റെ കുടുംബത്തെ ആക്രമിക്കുന്നവരോട് ബിഹാറിലെ ജനങ്ങൾ ക്ഷമിക്കില്ലെന്നും തേജ് പ്രതാപ് മുന്നറിയിപ്പ് നൽകി. 'രോഹിണിയുടെ നേരെ ചെരിപ്പ് ഉയർത്തിയ വാർത്ത കേട്ടതുമുതൽ, എന്റെ ഹൃദയത്തിലെ വേദന തീയായി മാറിയിരിക്കുന്നു തേജസ്വിയുടെ ബുദ്ധി മൂടപ്പെട്ട അവസ്ഥയിലാണ്' - തേജ് പ്രതാപ് കുറ്റപ്പെടുത്തി.
ഇതിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ തേജ് പ്രതാപ്, കുടുംബത്തിൻ്റെ അന്തസ് സംരക്ഷിക്കാനും പോസ്റ്റിലൂടെ പിതാവിനോട് അനുവാദം ചോദിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തിൽ, താൻ പ്രണയിക്കുന്നയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്നാണ് "നിരുത്തരവാദപരമായ" പെരുമാറ്റത്തിൻ്റെ പേരിൽ ലാലു യാദവ് തേജ് പ്രതാപിനെ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെ മറ്റൊരു പാർട്ടി രൂപീകരിച്ചാണ് ബിഹാർ തെരഞ്ഞെടുപ്പിൽ തേജ് പ്രതാപ് മത്സരിച്ചത്.