തേജസ്വി യാദവ് 
NATIONAL

"ബിഹാറിനെ വികസനത്തിൽ പിറകോട്ടടിച്ചു"; എൻഡിഎക്കെതിരെ വിമർശനവുമായി തേജസ്വി യാദവ്

ബിഹാറിൽ രാഷ്ട്രീയ യുദ്ധം

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: എൻഡിഎക്കെതിരായ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിൻ്റെ വിമർശനങ്ങൾക്ക് പിന്നാലെ ബിഹാറിൽ രാഷ്ട്രീയ യുദ്ധം. വർഷങ്ങളായി ഇരട്ട എൻജിനിൽ സർക്കാർ പ്രവർത്തിച്ചിട്ടും സംസ്ഥാനത്തെ വികസന സൂചികയിൽ പിറകോട്ടടിച്ചു എന്നാണ് വിമർശനം. സാമൂഹ്യമാധ്യമത്തിൽ തേജസ്വി പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലാണ് സർക്കാറിൻ്റെ പോരായ്മകൾ എടുത്ത് പറയുന്നത്.

ഇത്രയും വർഷം കേന്ദ്രത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും പിന്തുണ ഉണ്ടായിട്ടു പോലും ബിഹാർ സാമൂഹികവും സാമ്പത്തികമായും ഏറെ പിന്നിലാണെന്ന് തേജസ്വി കുറിച്ചു. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമാണ് ബിഹാറെന്നും ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് നിന്നാണെന്നും കുറിച്ച അദ്ദേഹം തൊഴിലില്ലായ്മ, വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ചും പരാമർശിച്ചു.

രാജ്യത്ത് സാക്ഷരതാ നിരക്കും, പ്രതിശീർഷ വരുമാനവും കാർഷിക വരുമാനവും ഏറ്റവും കുറവുള്ള സംസ്ഥാനം ബിഹാറാണെന്ന് തേജസ്വി കുറിച്ചു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസ ഗുണ നിലവാരത്തിലും സംസ്ഥാനം പിന്നോട്ടാണെന്ന് കുറിപ്പിൽ പറയുന്നു.

എന്നാൽ തേജസ്വിയുടെ ആരോപണം ബി.ജെ.പി തള്ളിക്കളഞ്ഞു. 1990-2005 കാലയളവിലെ ബിഹാറിൻെറ അവസ്ഥയെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്ത് പാർട്ടി വക്താവ് നീരജ് കുമാർ ഭരണകൂടത്തിൻ്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞു. എൻ.ഡി.എ സർക്കാർ നിലവിൽ വരുന്നതിനു മുമ്പ് ബിഹാറിൻ്റെ ദാരിദ്ര്യ നിരക്ക് 60 ശതമാനത്തിനു മുകളിലും സാക്ഷരതാ നിരക്ക് 47ശതമാനത്തോളവുമായിരുന്നുവെന്നും നീരജ് കുമാർ വാദിച്ചു. തൊഴിൽ, നിക്ഷേപം തുടങ്ങിയവയിൽ ബിഹാർ മികച്ച നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT