NATIONAL

പ്രചോദനം ഹിറ്റ്‌ലര്‍, പ്രവര്‍ത്തനശൈലി ഇസ്രയേലിന് തുല്യം; തെലങ്കാനയിലെ 'ഹൈഡ്ര' സംഘത്തെ പ്രകീര്‍ത്തിച്ച് രേവന്ത് റെഡ്ഡി

ടാസ്‌ക് ഫോഴ്‌സിന് ഹൈഡ്ര എന്ന പേര് നല്‍കിയത് ഹിറ്റ്‌ലറിന്റെ പ്രിയപ്പെട്ട വാക്കില്‍ നിന്നാണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തിന് ഹൈഡ്ര എന്ന് പേരിടാന്‍ കാരണം അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ആരേയും കൊല്ലാന്‍ അധികാരമുള്ള സംഘമെന്ന ആശയം പ്രചോദിപ്പിച്ചെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.

തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇതിനകം വിവാദമായിട്ടുണ്ട്. പരാമര്‍ശത്തില്‍ രേവന്ത് റെഡ്ഡി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപിയും ബിആര്‍എസും രംഗത്തെത്തി. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.

ഹൈഡ്ര പ്രൊജക്ടിന്റെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. പദ്ധതി സമ്പൂര്‍ണ വിജയമാണെന്നും തടാകങ്ങളിലും ജലാശയങ്ങളിലും കയ്യേറാന്‍ ആരും ഇപ്പോള്‍ ധൈര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസ്സറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ ചുരുക്കപ്പേരാണ് ഹൈഡ്ര. സര്‍ക്കാര്‍ ഭൂമികളിലെയും പാര്‍ക്കുകളിലേയും തടാകങ്ങളിലേയും കയ്യേറ്റം തടയാന്‍ എന്ന പേരില്‍ 2024 ലാണ് രേവന്ത് റെഡ്ഡി ഹൈഡ്ര പ്രൊജക്ട് രൂപീകരിച്ചത്.

പാവപ്പെട്ടവര്‍ തടാകങ്ങളും തോടുകളും കയ്യേറുന്നത് തനിക്ക് മനസിലാകും. പക്ഷെ ഇപ്പോള്‍, ധനികര്‍ അവരുടെ ഫാം ഹൗസുകളുടെ ഡ്രെയിനേജ് സംവിധാനങ്ങള്‍ ജാലശയങ്ങളുമായി ബന്ധിപ്പിക്കാന്‍ കയ്യേറ്റം നടത്തുകയാണ്. ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

ഇതിനു ശേഷമായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പരാമര്‍ശം. ടാസ്‌ക് ഫോഴ്‌സിന് ഹൈഡ്ര എന്ന പേര് നല്‍കിയത് ഹിറ്റ്‌ലറിന്റെ പ്രിയപ്പെട്ട വാക്കില്‍ നിന്നാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

"ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര. ആരേയും കൊല്ലാന്‍ അധികാരമുള്ള അദ്ദേഹത്തിന്റെ ഏറ്റവും സുപ്രധാന സംഘം. ഹിറ്റ്‌ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹൈഡ്ര എന്ന പേര് സ്വീകരിച്ചത്''.

ഇതുകൊണ്ടും രേവന്ത് റെഡ്ഡി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചില്ല. ഹൈഡ്രയുടെ പ്രവര്‍ത്തനങ്ങളെ എടുത്തു പറയാന്‍ ഇസ്രയേലിനോട് ഉപമിക്കുകയും ചെയ്തു. ഇസ്രയേല്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടത്തുന്ന ആക്രമങ്ങളോടായിരുന്നു ഉപമ.

"വലിയ രീതിയിലുള്ള പൊളിച്ചു നീക്കല്‍ താന്‍ നടത്തിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ നോക്കുകയാണെങ്കില്‍, യുദ്ധം മൂലമുണ്ടായ ഇസ്രായേലിന്റെയോ അല്ലെങ്കില്‍ അത്തരം മറ്റേതെങ്കിലും തകര്‍ക്കലുകളുമായോ അതിനെ ഉപമിക്കാന്‍ കഴിയും; അതിനെ ഹൈഡ്ര നടത്തിയ ഈ പൊളിച്ചുനീക്കലുകളുമായി നിങ്ങള്‍ക്ക് താരതമ്യം ചെയ്യാം''. രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍. ഹൈഡ്രയെ കുറിച്ച് പഠിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ തന്നെ സമീപിക്കാറുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ തെലങ്കാനയില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് അതിനെ ന്യായീകരിച്ചും ഇസ്രയേലിനോട് ഉപമിച്ചും ഹിറ്റ്‌ലറിനെ പരാമര്‍ശിച്ചുമുള്ള രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍.

രേവന്ത് റെഡ്ഡിയുടെ ഏകാധിപത്യ മനോഭാവത്തിന്റെ സൂചനയാണിതെന്ന് ബിആര്‍എസ് വിമര്‍ശിച്ചു.

SCROLL FOR NEXT