NATIONAL

കൂട്ടബലാത്സംഗ കേസ്; അറസ്റ്റിലായ ടെലിവിഷന്‍ നടന്‍ ആശിഷ് കപൂറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

സംഭവത്തില്‍ പെണ്‍കുട്ടിയുടെയും പ്രതികളുടെയും ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: കൂട്ട ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടെലിവിഷന്‍ നടന്‍ ആശിഷ് കപൂറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 24കാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണത്തിലാണ് പൊലീസ് ആശിഷിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെയും പ്രതികളുടെയും ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിക്രമത്തിനിടെയാണ് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതെന്ന് യുവതി പറഞ്ഞിരുന്നു.

ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന യുവതിയെ ഡല്‍ഹിയിലെ സിവില്‍ ലൈനിലെ വീട്ടില്‍ വെച്ച് നടത്തിയ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ആശിഷ് കപൂറും സുഹൃത്തുക്കളും ശുചിമുറിയിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചെന്നും അത് ക്യാമറയില്‍ പകര്‍ത്തിയെന്നുമാണ് മൊഴി. ഓഗസ്റ്റ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു സ്ത്രീയുടെ മുന്നില്‍ വെച്ചാണ് താന്‍ അതിക്രമത്തിന് ഇരയായതെന്നും വീഡിയോ പുറത്തുവിടുമെന്ന് തന്നെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞിരുന്നു.

ഓഗസ്റ്റ് 11നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ നടന്‍ ആശിഷ് കപൂറിന്റെ പേര് ഒന്നാം പ്രതിയായി തന്നെ ചേര്‍ത്തിട്ടുണ്ട്.

40കാരനായ ആശിഷ് കപൂറിനെ ഗോവയില്‍ നിന്ന് പൂനെയിലേക്ക് കടക്കുന്നതിനിടെയാണ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കപൂറിനെ അറസ്റ്റ് ചെയ്തത്. പൂനെയിലെ സൂഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റിലായത്.

'പ്രതി ഗോവയിലുണ്ടെന്ന് വിവരം ലഭിച്ചു. പക്ഷെ അവിടെ എത്തിയപ്പോഴേക്കും കടന്നു കളഞ്ഞിരുന്നു. പിന്നീട് പൂനെയിലുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു,' പൊലീസ് പറഞ്ഞു.

SCROLL FOR NEXT