കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുള്ള മിർ ബാസാറിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരർ സിആർപിഎഫിൻ്റെ 46ാം ബറ്റാലിയനിലേക്കാണ് വെടിയുതിർത്തത്. മൂന്ന് ജവാൻമാർക്ക് പരിക്കേറ്റു.
അക്രാൻ എന്ന സ്ഥലത്തിന് സമീപത്തുള്ള മിർ ബാസാറിൽ ഇന്ന് ഉച്ചയ്ക്ക് 2.15ഓടെയാണ് ഭീകരാക്രമണം ഉണ്ടായത്. സിആര്പിഎഫ് ബൂത്തിനു നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജിതമാക്കിയിട്ടുണ്ട്. രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിംഗ് എന്നീ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റതെന്ന് സിആർപിഎഫ് അറിയിച്ചു. വെടിവയ്പ്പിൽ ദാസിന്റെ ഇടതുകാലിനും, ചന്ദ്രുവിന്റെ വയറിനും നട്ടെല്ലിനും, സിംഗിന്റെ ഇടതുകൈയ്ക്കും പരിക്കേറ്റു. മൂവരും ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും കുൽഗാമിൽ ഉണ്ടായിരുന്നു. പക്ഷേ ആക്രമണം നടന്ന സ്ഥലത്തിന് അടുത്തായിരുന്നില്ല. കുൽഗാമിലെ ഗവൺമെൻ്റ് ഡിഗ്രി കോളേജിൽ നടക്കുന്ന മൂന്ന് ദിവസത്തെ വെഷോ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ലെഫ്റ്റനൻ്റ് ഗവർണർ തീരുമാനിച്ചിരുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, കവചിത വാഹനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്തിന് സമീപം നിയോഗിക്കുകയും ചെയ്തു. ആംബുലൻസ് സൈറണുകൾ മുഴങ്ങുകയും പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെടുന്ന ഉച്ചഭാഷിണി അറിയിപ്പുകൾ നൽകുകയും ചെയ്തു. അക്രമികളെ കണ്ടെത്തുന്നതിനായി ഒരു കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനാണ് ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ അലർമെഡ്ഗു ക്യാമ്പിൽ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ ഉണ്ടായ ഐഇഡി സ്ഫോടനത്തിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.