ഡൽഹി: 2008ൽ മുംബൈയിൽ 175 പേരുടെ ജീവനെടുക്കുകയും മൂന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണ പരമ്പരകൾക്ക് സമാനമായ തുടർച്ചയായ ആക്രമണങ്ങൾക്കാണ്, ഡൽഹിയിലെ സ്ഫോടനം നടത്തിയ ഭീകരസംഘവും ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ട്. തലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് പുറമെ ഇന്ത്യ ഗേറ്റ്, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ്, ഗൗരി ശങ്കർ ക്ഷേത്രം, ഷോപ്പിങ് മാളുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവയെല്ലാം ആക്രമിക്കാനായിരുന്നു ഭീകര സംഘം ലക്ഷ്യമിട്ടതെന്ന് എൻഐഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരർ 2025 ജനുവരി മുതൽ മാസങ്ങളോളമായി ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായി ഉഗ്രസ്ഫോടക ശേഷിയുള്ള 200 ഓളം ഐഇഡി ബോംബുകളും, ശേഷി കുറഞ്ഞ മറ്റു ബോംബുകളും നിർമിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
തീവ്രവാദികൾ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങൾക്ക് പുറമെ ഹരിയാനയിലെ ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് വിവരം. മതപരമായ സ്ഥലങ്ങൾ ലക്ഷ്യമിട്ട് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ തീവ്രവാദികൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു.
ജമ്മു കശ്മീരിലെ പുൽവാമ, ഷോപ്പിയാൻ, അനന്ത്‌നാഗ് എന്നിവിടങ്ങളിൽ നിന്നുള്ള തീവ്രവാദി ബന്ധമുള്ള ഡോക്ടർമാരെ അവരുടെ വൈറ്റ് കോളർ ജോലി കാരണം ഭീകര പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തെന്നും വൃത്തങ്ങൾ പറഞ്ഞു. താമസിയാതെ ഇവർ ഫരീദാബാദിൽ തങ്ങളുടെ താവളവും സ്ഥാപിച്ചു. ഡോക്ടർമാർ ആയതിനാൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയമൊന്നും തോന്നിപ്പിക്കാതെ രാജ്യതലസ്ഥാനത്ത് ചുറ്റി സഞ്ചരിക്കാൻ ഭീകരർക്ക് കഴിഞ്ഞു. തുടർന്ന് അവർ ധൗജ്, ഫത്തേപൂർ ടാഗ പ്രദേശങ്ങളിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ മുറികളും വാടകയ്‌ക്ക് എടുത്തിരുന്നു.