മുംബൈ: വിദ്യാർഥികൾക്ക് സുരക്ഷിതവും ശുചിത്വമുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മികച്ച മുന്നേറ്റവുമായി രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ലഭ്യത കുറയ്ക്കാനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാനും എഫ്.ഡി.എയുടെ നേതൃത്വത്തിൽ വിപുലമായ നടപടികളാണ് പുരോഗമിക്കുന്നത്.
2026 ഏപ്രിൽ 1 മുതൽ നവംബർ 19 വരെ സംസ്ഥാനത്തെ 422 സ്കൂളുകളിൽ എഫ്.ഡി.എ പരിശോധനകൾ പൂർത്തിയാക്കി. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്കൂൾ കവാടങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ പ്രവർത്തിച്ചിരുന്ന 69 സ്ഥാപനങ്ങൾ ഉൾപ്പെടെ ആകെ 79 ഭക്ഷണശാലകളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും 21 ലൈസൻസുകളോ രജിസ്ട്രേഷനുകളോ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ കാന്റീനുകൾ, മെസ്സുകൾ, ഫുഡ് കോർട്ടുകൾ എന്നിവയിൽ ഉയർന്ന ശുചിത്വ നിലവാരം കൊണ്ടുവരികയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ ഭക്ഷണശാലകൾക്കും 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ സെക്ഷൻ 31 പ്രകാരമുള്ള രജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമാക്കിയിട്ടുണ്ട്.
കൂടാതെ, ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ ഷെഡ്യൂൾ നാല് പ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് ശുദ്ധമായ അന്തരീക്ഷത്തിൽ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും. ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന് എഫ്.ഡി.എ മുന്നറിയിപ്പ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിന് ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാം.
സ്കൂളുകൾക്കായി 2026 ജൂലൈ 28-നും സർവകലാശാലകൾക്കായി സെപ്റ്റംബർ 10-നും പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷണങ്ങളുടെ വിൽപ്പനയും പരസ്യവും സൗജന്യ വിതരണവും സ്കൂൾ പരിസരങ്ങളിലും 50 മീറ്റർ ചുറ്റളവിലും നിരോധിച്ചിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ തീരുമാനം വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.