ന്യൂഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നാളെ ഇന്ത്യാ സഖ്യത്തിന്റെ മാര്‍ച്ച് നടക്കാനിരിക്കേ, സോഷ്യല്‍മീഡിയ വഴിയും ആക്രമണം ശക്തമാക്കുകയാണ്.
ഇതിന്റെ ഭാഗമായി വെബ്‌സൈറ്റും മിസ്ഡ് കോള്‍ സംവിധാനവും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഓഡിറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ വോട്ടര്‍ പട്ടിക പുറത്തിറക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പുതിയ നീക്കം.
ജനാധിപത്യത്തെ സംരക്ഷിക്കാനായി പ്രതിപക്ഷത്തിന്റെ പോരാട്ടത്തിനൊപ്പം അണിചേരാന്‍ പൊതുജനങ്ങളെ ക്ഷണിച്ചു കൊണ്ടാണ് വെബ്‌സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. http://votechori.in/ecdemand എന്ന വെബ്‌സൈറ്റിലൂടെയും 9650003420 നമ്പരില്‍ മിസ് കോള്‍ നല്‍കിയും ജനങ്ങള്‍ക്ക് പിന്തുണ നല്‍കാം.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ക്ക് ശുദ്ധമായ വോട്ടര്‍ പട്ടിക അനിവാര്യമാണെന്നും വോട്ട് കൊള്ള വണ്‍ മാന്‍, വണ്‍ വോട്ട് എന്ന അടിസ്ഥാന ആശയത്തിനെതിരായ ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ 'വോട്ട് കൊള്ള' ആരോപണത്തിന് പിന്തുണയേറുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നാളെ നടക്കാനിരിക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ ആം ആദ്മിയടക്കമുള്ള പാര്‍ട്ടികള്‍ പങ്കെടുക്കും. പ്രതിഷേധ മാര്‍ച്ചിനു ശേഷം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ രാഹുല്‍ ഗാന്ധി അനുമതി ചോദിച്ചിട്ടുണ്ട്. ഇന്ത്യാ ബ്ലോക്ക് എംപിമാര്‍ക്കൊപ്പം രാവിലെ 11.30ന് ശേഷം കാണാനാണ് അനുമതി തേടിയത്.