ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം നടന്ന ഐ20 കാറിൻ്റെ പൊല്യൂഷൻ ടെസ്റ്റ് 12 ദിവസങ്ങൾക്ക് മുമ്പ് നടത്തിയതായി കണ്ടെത്തൽ. ഡൽഹിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് സ്കാനറിൽ പെടാതിരിക്കുവാനായി കാറിൻ്റെ പൊല്യൂഷൻ ടെസ്റ്റ് നടത്തിയത്.
ഡൽഹിയിലെ ഉയർന്ന മലിനീകരണ തോതും വായുവിൻ്റെ ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തിൽ പൊലീസ് തുടർച്ചയായ ചെക്കിംഗ് നടത്തുന്നതിനാലാണ് മുൻകൂട്ടി പൊല്യൂഷൻ ടെസ്റ്റ് നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളാണ് പൊതുവേ ഇത്തരം പരിശോധനയ്ക്ക് വിധേയമാകുന്നത്. സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാറിന് ഹരിയാനയിൽ നിന്നുള്ള നമ്പർ പ്ലേറ്റ് ആണ് ഉണ്ടായിരുന്നത്. ഡൽഹിയിൽ പ്രവേശിക്കുമ്പോൾ പൊലീസ് ഐ20 പിടിച്ചെടുക്കുമെന്ന് ഇവർ ഭയന്നിരിക്കാമെന്നും, അതിനാലാണ് വാങ്ങിയ ഉടൻ തന്നെ കാർ മലിനീകരണ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു.
'HR 26 CE 7674' എന്ന നമ്പർ പ്ലേറ്റുള്ള കാർ ഒക്ടോബർ 29ന് വാങ്ങിയ അതേ ദിവസം തന്നെയാണ് ഫരീദാബാദിൽ വെച്ച് മലിനീകരണ പരിശോധന നടത്തിയത്. ഒക്ടോബർ 29ന് ഉച്ചകഴിഞ്ഞുള്ള സിസിടിവി ദൃശ്യങ്ങളിൽ കാറിനൊപ്പം മൂന്ന് പേർ കൂടെ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദിലെ സെക്ടർ 37ലെ റോയൽ കാർ സോണിലായിരുന്നു മലിനീകരണ പരിശോധന നടത്തിയത്.
ഐ20 യിലെ അന്ന് ഉണ്ടായിരുന്നവരിൽ ഒരാള്‍ താരിഖ് ആണെന്നാണ് സംശയം. ഉമർ കാര്‍ വാങ്ങിയിരുന്നത് ഇയാളുടെ പേരിലാണ്. സ്ഫോടനത്തിന് കാരണമായ ശൃംഖലയുടെ ഭാഗമാണ് താരിഖെന്നും പൊലീസ് അറിയിച്ചു.
ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഐ20 ഇവർ ജോലി ചെയ്തിരുന്ന കോളേജിലെ ക്യാംപസിൽ പാർക്ക് ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഇത് ഫരീദാബാദ് പൊലീസ് നിഷേധിച്ചിട്ടുണ്ട്.