ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 13 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യമുണ്ടാക്കിയത് കേന്ദ്ര സർക്കാരെന്ന് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹബൂബ മുഫ്തി. മെഹബൂബ മുഫ്തിയുടെ ഈ പ്രസ്താവന പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ശ്രീനഗറിൽ നടന്ന ഒരു യോഗത്തിലാണ് കശ്മീരിലെ യുവാക്കൾ അപകടകരമായ പാതയിലേക്കെത്തിയതിന് സർക്കാരാണ് ഉത്തരവാദിയെന്ന് മെഹബൂബ മുഫ്തി ആരോപിച്ചത്.
കശ്മീരിലെ പ്രശ്നങ്ങളുടെ പ്രതിധ്വനിയാണ് ചെങ്കോട്ടയിലുണ്ടായതെന്നും മുഫ്തി പറഞ്ഞു. "വിഷലിപ്തമായ ഒരു അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, ആ അന്തരീക്ഷമാണ് കശ്മീരിലെ യുവാക്കൾ അവരുടെ പാതയിൽ നിന്ന് വ്യതിചലിച്ച് സ്വയം അപകടകരമായ പാത സൃഷ്ടിക്കുന്നതിന് കാരണം. അവർ ചെയ്യുന്നത് തെറ്റാണ്"മുഫ്തി പറഞ്ഞു.
'സർക്കാർ കശ്മീരിൽ അതിക്രമങ്ങൾ നടത്തുന്നു. കശ്മീരിലെ ഭീകരാന്തരീക്ഷം അവസാനിപ്പിക്കണം. കശ്മീരിൽ എല്ലാം ശരിയാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ കശ്മീരിലെ പ്രശ്നങ്ങളാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ കണ്ടത്'-മുഫ്തി ആരോപിച്ചു. ദേശീയ സുരക്ഷയെക്കാൾ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനാണ് ഇവിടെ മുൻഗണന ലഭിച്ചിട്ടുള്ളതെന്നും മുഫ്തി പറഞ്ഞു.
മുഫ്തിയുടെ പരാമർശത്തിനെതിരെ നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. മുഫ്തി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. 'ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ അസ്ഥിരപ്പെടുത്താനാണ് മുഫ്തി ശ്രമിക്കുന്നത്. മുൻ മുഖ്യമന്ത്രി എന്ന നിലയിൽ അവർ ഇത്തരം പ്രസ്താവനകൾ നൽകുന്നത് ഒഴിവാക്കണം. നരേന്ദ്ര മോദി ജമ്മു കശ്മീരിനായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്'- മുതിർന്ന ബിജെപി നേതാവ് രവീന്ദർ റെയ്‌ന പറഞ്ഞു.
ജമ്മു കശ്മീരിലെ യുവാക്കൾക്കൊപ്പം നിൽക്കേണ്ട സമയങ്ങളിൽ മെഹബൂബ മുഫ്തി നടത്തിയത് വളരെ തരംതാഴ്ന്ന പ്രസ്താവനയാണെന്ന് ബിജെപി നേതാവ് അഭിജീത് ജസ്രോതിയ കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ചയാണ് ചെങ്കോട്ടയ്ക്ക് സമീപം വെളുത്ത ഹ്യുണ്ടായ് ഐ20 കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടത്. കശ്മീർ നിവാസിയായ ഉമർ മുഹമ്മദായിരുന്നു കാറിലുണ്ടായിരുന്ന ചാവേർ ബോംബറെന്ന് തിരിച്ചറിഞ്ഞിരുന്നു. ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് കാശ്മീർ നിവാസികളായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാത്തർ എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.