ജമ്മു കശ്മീരിലെ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ Source: X/ lieutenant governor Manoj Sinha
NATIONAL

"പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായി"; ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ

ആക്രമണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ലഫ്റ്റനൻ്റ് ഗവര്‍ണര്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പരസ്യമായി പ്രതികരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ജമ്മു കശ്മീരിലെ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിൻഹ പറഞ്ഞു. ആക്രമണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ലഫ്റ്റനൻ്റ് ഗവര്‍ണര്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി പരസ്യമായി പ്രതികരിക്കുന്നത്. ദേശീയ മാധ്യമമായ നല്‍കിയ അഭിമുഖത്തിലായിരുന്നു സിന്‍ഹയുടെ ഈ പ്രതികരണം.

ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചിൽ. ആദ്യമായാണ് ഒരു കേന്ദ്ര സർക്കാർ പ്രതിനിധി പഹൽഗാമിലെ സുരക്ഷാ വീഴ്ച സമ്മതിക്കുന്നത്.

ജമ്മു കശ്മീരിലെ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ

"ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുൽമേടാണ്. തീവ്രവാദികൾ വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്നില്ല എന്നതായിരുന്നു പൊതുവെയുള്ള വിശ്വാസം. അവിടെ സുരക്ഷാ സേനയെ വിന്യസിക്കാൻ സൗകര്യമോ സ്ഥലമോ ഇല്ലായിരുന്നു," മനോജ് സിൻഹ പറഞ്ഞു.

പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നതെന്നും, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന് പാകിസ്ഥാൻ ഇപ്പോഴും സൗകര്യം ഒരുക്കുന്നുണ്ടെന്നും മനോജ് സിൻഹ ആരോപിച്ചു.

"ഇത് പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു. കേസിൽ എൻ‌ഐ‌എ നടത്തിയ അറസ്റ്റുകൾ പ്രാദേശിക പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ട്. പക്ഷേ, ജമ്മു കശ്മീരിലെ സുരക്ഷ പൂർണമായും ദുർബലമായെന്ന വാദം തെറ്റാണ്. ആക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ കനത്ത പ്രഹരമായിരുന്നു. പാകിസ്ഥാൻ്റെ ഉദ്ദേശ്യം ഒരു വർഗീയ വിഭജനം സൃഷ്ടിക്കുകയായിരുന്നു. രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്നവർക്കിടയിൽ ജമ്മു കശ്മീരിലെ ജനങ്ങൾക്കെതിരെ വൈര്യം സൃഷ്ടിക്കാനും അവരെ ഒറ്റപ്പെടുത്താനുമായിരുന്നു പാകിസ്ഥാൻ ലക്ഷ്യമിട്ടത്," ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.

SCROLL FOR NEXT