NATIONAL

"വെട്രിവേൽ മുരുകനുക്ക് അരോഹര!" തിരുപ്പറംകുൺട്രം ദീപത്തൂൺ വിവാദം; സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി

ശനിയാഴ്ച ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മധുരയിലെ തിരുപ്പറംകുൺട്രം കുന്നിലെ വിവാദമായ 'ദീപത്തൂണിൽ' കാർത്തിക ദീപം തെളിയിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെ മുരുക ഭഗവാനെ സ്തുതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച എക്സിൽ പങ്കുവച്ച പോസ്റ്റിൽ "വെട്രിവേൽ മുരുകനുക്ക് അരോഹര!" എന്ന് മൂന്ന് തവണ ആവർത്തിച്ച പ്രധാനമന്ത്രി, ഇംഗ്ലീഷിലും ഹിന്ദിയിലും സമാനമായ ആശംസകൾ നേർന്നു.

കോടതി വിധിയെക്കുറിച്ച് പോസ്റ്റിൽ നേരിട്ട് പരാമർശമില്ലെങ്കിലും, നവംബർ 28 ശനിയാഴ്ച ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ കോടതി ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണം. നവംബർ 24 ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും, പരമ്പരാഗതമായി വിളക്ക് തെളിയിക്കാറുള്ള ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് അന്ന് ദീപം തെളിയിച്ചത്.

ഇത് നവംബർ 20ലെ കോടതി ഉത്തരവിന്‍റെ മനഃപൂർവ്വമായ ലംഘനമാണെന്ന് നിരീക്ഷിച്ച ബെഞ്ച്, തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുൾപ്പെടെ 15 പേർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. രാഷ്ട്രീയ നിർദ്ദേശപ്രകാരമാണോ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്ന് പരിശോധിക്കാൻ ഇവരുടെ കോൾ റെക്കോർഡുകളും ഔദ്യോഗിക ആശയവിനിമയങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ സസ്പെൻ്റ് ചെയ്ത കോടതി, ക്ഷേത്ര ഭരണത്തിനായ് രണ്ട് മുൻ ഹൈക്കോടതി ജഡ്ജിമാരെ നിയമിച്ചു. നവംബർ 24ന് ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിയിച്ച ദീപം ഇപ്പോഴും അണയാതെ കത്തുന്നുണ്ടെങ്കിൽ, ക്ഷേത്ര ഭാരവാഹികളുമായി ആലോചിച്ച് ശനിയാഴ്ച ദീപത്തൂണിൽ ദീപം തെളിയിക്കാൻ ആ അഗ്നി ഉപയോഗിക്കാനും കോടതി നിർദ്ദേശിച്ചു.

തിരുപ്പറംകുൺട്രം കുന്നിൽ എവിടെ, ആരാണ് കാർത്തിക ദീപം തെളിയിക്കേണ്ടത് എന്നതിനെച്ചൊല്ലിയാണ് നിലവിൽ തർക്കം നിലനിൽക്കുന്നത്. കുന്നിൻചെരിവിലുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാലങ്ങളായി ദീപം തെളിയിക്കുന്നതെന്നാണ് തമിഴ്‌നാട് സർക്കാരിൻ്റെ നിലപാട്. എന്നാൽ, കുന്നിന് മുകളിൽ ഒരു ദർഗ്ഗയ്ക്ക് സമീപമുള്ള 'ദീപത്തൂൺ' എന്ന കൽത്തൂണിൽ ദീപം തെളിയിക്കണമെന്നാണ് വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യം.

SCROLL FOR NEXT