തൂത്തുക്കുടി സാത്താൻകുളത്ത് വ്യാപാരിയും മകനും പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ 9 പൊലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര അഡീഷണൽ കോടതി. ഒരു കോടി 40 ലക്ഷം കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.
ജയരാജ് , മകൻ ബെന്നിക്സ് എന്നിവരുടെ കസ്റ്റഡി കൊലപാതകത്തിലാണ് വിധി. 2020 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ക്രൂരമായ മർദനത്തിന് ഇരയായ ഇരുവരും മൂന്നാം ദിവസമാണ് മരണത്തിന് കീഴടങ്ങുന്നത്. ആദ്യം അച്ഛൻ ജയരാജും പിന്നാലെ ബെനിക്സനും മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെ തമിഴ്നാട്ടിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറുകയും വലിയ രീതിയിൽ രാജ്യത്തിൻ്റെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ സംഭവമായിട്ട് കേസിനെ പരിഗണിച്ചാണ് കോടതിയുടെ വിധി. ക്രൂരതയ്ക്ക് നേതൃത്വം നൽകിയ ഇൻസ്പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും ഏഴു വർഷം തടവും 84 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്.