NATIONAL

''തീവ്രവാദികള്‍ പുരി ജഗന്നാഥ ക്ഷേത്രം ആക്രമിക്കും''; സമീപത്തെ മതിലില്‍ ഭീഷണി സന്ദേശവും ഫോണ്‍ നമ്പരുകളും

നിരവധി സിസിടിവികളും എപ്പോഴും പൊലീസ് സാന്നിധ്യവുമുള്ള പ്രദേശത്താണ് ഇത്തരം ഒരു സന്ദേശം പ്രത്യക്ഷപ്പെട്ടത് എന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ജനങ്ങളെ ഭീതിയിലാഴ്ത്തി ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തീവ്രവാദ ആക്രമണമുണ്ടാവുമെന്ന ഭീഷണി സന്ദേശം. പുരി ജഗന്നാഥ ക്ഷേത്രത്തിന് സമീപമുള്ള മറ്റൊരു ക്ഷേത്രത്തിന്റെ മതിലിലാണ് ഒഡിയയിലും ഇംഗ്ലീഷിലും ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് അടക്കം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഭീഷണി സന്ദേശം. എന്നാല്‍ പ്രദേശവാസികള്‍ ഉടന്‍ തന്നെ ഈ ഭീഷണി മായ്ച്ചു കളയുകയായിരുന്നു.

'തീവ്രവാദികള്‍ ജഗന്നാഥ ക്ഷേത്രം ആക്രമിച്ച് തകര്‍ക്കും,' എന്നായിരുന്നു സന്ദേശം. ഇതിനോടൊപ്പം നിരവധി ഫോണ്‍ നമ്പറുകളും ഉടന്‍ വിളിക്കൂ എന്നും കുറിച്ചുവെച്ചിരുന്നു.

ഇതിന് പുറമെ ക്ഷേത്രത്തിലേക്കുള്ള ഹെറിട്ടേജ് കോറിഡോറിലെ അലങ്കാര വെളിച്ചങ്ങള്‍ തകര്‍ത്തതായും കാണപ്പെട്ടു. നിരവധി സിസിടിവികളും എപ്പോഴും പൊലീസ് സാന്നിധ്യവുമുള്ള പ്രദേശത്താണ് ഇത്തരം ഒരു സന്ദേശം എഴുതിയതെന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

അടുത്തിടെയും ക്ഷേത്രത്തിന് പുറത്ത് വലിയ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. ക്ഷേത്രത്തിന് പുറത്തെ മതില്‍ ചാടിക്കടന്ന് അനധികൃതമായി അകത്തേക്ക് പ്രവേശിച്ചിരുന്നതായി ഒരു ഭക്തന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഭീഷണി സന്ദേശം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോ തെറ്റിദ്ധരിപ്പിക്കാനായോ പറ്റിക്കാനായോ ചെയ്തതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഷയം ഗൗരവമായാണ് കാണുന്നതെന്നും ക്ഷേത്രത്തിന്റെ സുരക്ഷയും ഭക്തരുമാണ് പ്രധാനമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

SCROLL FOR NEXT