കരൂർ ദുരന്തത്തിന് ഇന്ന് ഒരാണ്ട് 
NATIONAL

41 കുടുംബങ്ങളുടെ തീരാനോവ്; കരൂർ ദുരന്തത്തിന് ഇന്ന് ഒരാണ്ട്

സി. ജോസഫ് വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് കരൂർ ദുരന്തം ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: 2025 സെപ്റ്റംബർ 27-ന് നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടി കരൂർ-ഈറോഡ് ഹൈവേയിലെ വേലുച്ചാമിപുരത്ത് രാഷ്ട്രീയ റാലി സംഘടിപ്പിച്ചു. ഈ റാലിയിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ച് കൂടിയത്.

പലയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വിജയ് സ്ഥലത്ത് എത്തിയത് മണിക്കൂറുളോം വൈകിയാണ്. താരം എത്തിയതോടെ ജനക്കൂട്ടം വിജയ്‌യുടെ വാഹനത്തിൻ്റെ മുന്നിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും സ്ത്രീകളും അടക്കം 41 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ കരൂരിൽ ദുരന്തം നടന്ന് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചിത്രം ഏറെ മാറിമറിഞ്ഞു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി വിജയ് ഇപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആണ് നടത്തുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി കരൂരിൽ ഒരു സ്മാരകം നിർമിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിക്കുകയും അതിന് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും സർക്കാർ ജോലിയും നൽകി. തൻ്റെ ജീവിതത്തിലും തമിഴ്‌നാടിൻ്റെ ചരിത്രത്തിലും ഒരിക്കലും ഉണങ്ങാത്ത മുറിവാണ് കരൂർ ദുരന്തമെന്ന് ഒന്നാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വിജയ് അനുസ്മരിച്ചു.

SCROLL FOR NEXT