ചില നേരം തെറ്റലുകള്‍ക്ക് ജീവൻ്റെ വിലയാണ്. 265 പേരുടെ ജീവന്‍ അപഹരിച്ച എയർ ഇന്ത്യ വിമാനപകടത്തില്‍ നിന്ന് ഭൂമി ചൗഹാന്‍ എന്ന യുവതിയെ രക്ഷിച്ചത് ട്രാഫിക് ബ്ലോക്കാണ്. വിമാനത്താവളത്തിലെത്താന്‍ വൈകിയ ആ പത്ത് മിനിറ്റാണ് ഭൂമി ചൗഹാനെ മരണത്തിൻ്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരികെപ്പിടിച്ചത്.
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനത്തില്‍ ലണ്ടനിലേക്ക് പോകേണ്ടിയിരുന്നവരില്‍ ഒരാളായിരുന്നു ഭൂമി ചൗഹാൻ. എന്നാല്‍ ട്രാഫിക് ബ്ലോക്കിൽപ്പെട്ട്, 10 മിനിറ്റ് വൈകിയതോടെ ഭൂമി ചൗഹാന് ഫ്ലൈറ്റ് നഷ്ടമായി.
"എങ്ങനെയെങ്കിലും കടത്തിവിടണം. ആ വിമാനത്തില്‍ ഇന്നെനിക്ക് പോയേ തീരൂ," സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ ചെക്ക്-ഇൻ കൗണ്ടറിലെ ജീവനക്കാരോട് ഭൂമി ആവതും അപേക്ഷിച്ചു. എന്നിട്ടും വഴിയുണ്ടായില്ല. ബോർഡിങ് ലിസ്റ്റ് പൂർത്തിയായി കഴിഞ്ഞിരുന്നു.
അത്യധികം നിരാശയായോടെ ഭൂമി വിമാനത്താവളത്തിന് പുറത്തിറങ്ങി. എക്സിറ്റ് ഗേറ്റിലെത്തിയപ്പോഴേക്കും ദുരന്തവാർത്തയാണ് അവരെ തേടിയെത്തിയത്. താന്‍ സഞ്ചരിക്കേണ്ടിയിരുന്ന വിമാനം പറന്നുയർന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ചിതറി തകർന്നിരിക്കുന്നു.
"കൃത്യസമയത്ത് എത്തിയിരുന്നെങ്കില്‍, ജീവനക്കാർ കടത്തിവിട്ടിരുന്നുവെങ്കില്‍ എന്ന് ആലോചിച്ചപ്പോൾ തന്നെ ശരീരമാകെ വിറച്ചു. കാലിനടിയിലെ ഭൂമിയൊലിച്ചുപോകുന്നതുപോലെ, അവിടെ കുറച്ചുനേരം നിന്നു,"- 30 കാരിയായ ഭൂമി ചൗഹാൻ തന്‍റെ അനുഭവം വിവരിക്കുന്നതിങ്ങനെയാണ്.
രണ്ടുവർഷം മുന്‍പ് ലണ്ടനിലേക്ക് പോയ ഭൂമി ഭർത്താവിനൊപ്പം അവിടെയാണ് താമസം. അതിനുശേഷം, ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയായിരുന്നു ഇത്. നാട്ടിലെ ചെറിയ അവധിക്കാലം ആഘോഷിച്ച് ഇന്നലെ ലണ്ടനിലേക്ക് മടങ്ങാനായിരുന്നു പദ്ധതി.