NATIONAL

പഹല്‍ഗാം ആക്രമണം: ടിആര്‍എഫിന് വിദേശ ഫണ്ട് ലഭിച്ചു; ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി അന്വേഷണ സംഘം: റിപ്പോര്‍ട്ട്

മലേഷ്യയില്‍ താമസിക്കുന്ന യാസിര്‍ ഹയാത്ത് എന്നയാളില്‍ നിന്ന് ടിആര്‍എഫിന് 9 ലക്ഷം രൂപ ഫണ്ട് കിട്ടിയെന്ന് എന്‍ഐഎ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

ലഷ്‌കര്‍ ബന്ധമുള്ള പാകിസ്ഥാന്‍ നിരോധിത സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ടിന് (ടിആര്‍എഫ്) മായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പഹല്‍ഗാം ആക്രമണത്തിന് നേതൃത്വം നല്‍കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ടിആര്‍എഫിന് ഫണ്ട് ചെയ്യുന്നതുള്‍പ്പെടെ ഭീകരവാദവുമായി ബന്ധപ്പെട്ട് 463 ഫോണ്‍ കോളുകള്‍ എന്‍ഐഎ പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട്, പാകിസ്ഥാന്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എന്‍ഐഎക്ക് ലഭിച്ചെന്നാണ് വിവരം.

മലേഷ്യയില്‍ താമസിക്കുന്ന യാസിര്‍ ഹയാത്ത് എന്നയാളില്‍ നിന്ന് ടിആര്‍എഫിന് 9 ലക്ഷം രൂപ ഫണ്ട് കിട്ടിയെന്ന് എന്‍ഐഎ പറയുന്നു. കൂടാതെ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭീകരവാദി സാജിദ് മിറുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിച്ചു.

സോഷ്യല്‍ മീഡിയ ചാറ്റുകള്‍, ബാങ്ക് ട്രാന്‍സാക്ഷനുകള്‍, കോള്‍ റെക്കോര്‍ഡിങ്ങുകള്‍ തുടങ്ങി നിര്‍ണായകമായ വിവരങ്ങളും എന്‍ഐഎക്ക് ലഭിച്ചതായാണ് വിവരം. ടിആര്‍എഫിന് വിദേശ ഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് ചില സുപ്രധാന ഡോക്യുമെന്റുകളും ലഭിച്ചിട്ടുണ്ട്.

ഭീകരവാദ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിന് ഇസ്ലാമാബാദിന് സാമ്പത്തിക പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പിക്കാന്‍ ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) നു മുന്നില്‍ ഈ തെളിവുകള്‍ ഇന്ത്യയ്ക്ക് നിരത്താനാകുമെന്നാണ് കരുതുന്നത്.

SCROLL FOR NEXT