NATIONAL

പ്രതിസന്ധി രൂക്ഷം! തൃണമൂൽ കോൺഗ്രസിന്റെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ട് നേതൃത്വം

വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം അറിയിച്ചു. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായാണ് വാർത്താക്കുറിപ്പിലൂടെ നേതൃത്വം വ്യക്തമാക്കിയത്. വിശദമായ വിലയിരുത്തലുകൾക്ക് ശേഷം പുനസംഘടനയുണ്ടാകുമെന്നും തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടി​ലൂടെ അറിയിച്ചു.

പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ കത്തുമായി നിയമസഭാ സ്പീക്കറെ സമീപിച്ചതിന് ‍പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പ്രവർത്തനം വിലയിരുത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കം. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണി ആയാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

"ശ്രദ്ധാപൂർവമായ പരിഗണനയ്ക്ക് ശേഷം, പശ്ചിമ ബംഗാളിലെ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളെയും അതിന്റെ എല്ലാ മുന്നണി സംഘടനകളെയും ഉടനടി പിരിച്ചുവിടാൻ തീരുമാനിച്ചു. പാർട്ടി എല്ലാ തലങ്ങളിലും സമഗ്രമായ ആത്മപരിശോധന, അവലോകനം, സംഘടനാ വിലയിരുത്തൽ എന്നിവ നടത്തും. ഇതിനെ അടിസ്ഥാനമാക്കി, മാതൃ സംഘടനയുടെയും എല്ലാ മുന്നണി സംഘടനകളുടെയും സംഘടനാ ഘടന പുനഃസംഘടിപ്പിക്കുകയും യഥാസമയം പ്രഖ്യാപിക്കുകയും ചെയ്യും. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും പുതിയ ഊർജത്തോടെയും ലക്ഷ്യബോധത്തോടെയും ഭാവി വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്", എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ പാർട്ടി വിശദമാക്കിയിട്ടില്ല.

കനത്ത വെല്ലുവിളിയാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേരിടുന്നത്. ബംഗാളിലെ അക്രമ സംഭവങ്ങൾക്കെതിരെ ഇന്നലെ മമത നടത്തിയ പ്രതിഷേധത്തിൽ പാർട്ടി നേതാക്കളിൽ പലരും പങ്കെടുത്തില്ല. 500 താഴെ മാത്രം ആളുകളാണ് പരിപാടിക്കെത്തിയത്. പ്രതിഷേധ യോഗത്തിൽ ആകെ എട്ട് എംഎൽമാരും ആറ് എംപിമാരും മാത്രമാണ് പങ്കെടുത്തത്. 80 എംഎൽഎമാരാണ് പാർട്ടിക്ക് ആകെയുള്ളത്. ലോക്സഭയിലും രാജ്യസഭയിലുമായി 42 എംപിമാരുമാണ് പാർട്ടിക്കുള്ളത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ മമതയുടെ കൊൽക്കത്തയിലെ ഓരോ പരിപാടിക്കും ആയിരക്കണക്കിന് തൃണമൂൽ പ്രവർത്തകർ പങ്കെടുത്ത സ്ഥലത്താണ് ശുഷ്കമായ ആൾക്കൂട്ടം വന്നത്.

ഇതിനോടൊപ്പമാണ് പാർട്ടിയിൽ വിമത നീക്കവും ശക്തമാകുന്നത്. തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജി തനിക്ക് 58 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഇതില്‍ 58 പേരുടെ ഒപ്പുകള്‍ വിമത ഗ്രൂപ്പ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് ഋതബ്രത ബാനര്‍ജി സ്പീക്കറെ കാണുകയും ചെയ്തു. തങ്ങളാണ് 'യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ്' എന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. ഇത് വിജയിച്ചാല്‍, വിമത വിഭാഗം നിയമസഭയിലെ ഔദ്യോഗിക തൃണമൂല്‍ കോണ്‍ഗ്രസായി മാറിയേക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നാമവും ചിഹ്നവും തങ്ങളുടേതായി നിലനിര്‍ത്താനും വിമത വിഭാഗത്തിന് സാധിച്ചേക്കും. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.

SCROLL FOR NEXT