മഹുവ മൊയ്ത്രയുടെയും പിനാകി മിശ്രയുടെയും വിവാഹ ദൃശ്യങ്ങൾ Source: X/ @MahuaMoitra @shreya_arora22
NATIONAL

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി; വരൻ മുൻ ബിജെഡി എംപി പിനാകി മിശ്ര

ഇരുവരും കേക്ക് മുറിക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചുകൊണ്ടാണ് മഹുവ മൊയ്ത്ര വിവാഹവാർത്ത സ്ഥിരീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായതായി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ ബിജെഡി എംപിയുമായ പിനാകി മിശ്രയാണ് വരൻ. ജർമനിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹമെന്നാണ് റിപ്പോർട്ട്. ഇരുവരും കേക്ക് മുറിക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചുകൊണ്ട് മഹുവ മൊയ്ത്ര വിവാഹവാർത്ത സ്ഥിരീകരിച്ചു.

"നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി!! ഒരുപാട് സന്തോഷം"- ഇങ്ങനെ കുറിച്ചായിരുന്നു മഹുവ മൊയ്ത്ര എക്സിൽ വിവാഹ ചിത്രം പങ്കുവെച്ചത്.

വാർത്ത പുറത്തെത്തിയതിന് പിന്നാലെ നിരവധി ആളുകളാണ് മഹുവ മൊയ്ത്രയ്ക്കും പിനാകി മിശ്രയ്ക്കും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിക്കുന്നത്. ജാദവ്പൂരിൽ നിന്നുള്ള ടിഎംസി ലോക്‌സഭാ എംപി സായോണി ഘോഷും ദമ്പതികൾക്ക് ആശംസ നേർന്നു. "എംഎമ്മിനും പിഎമ്മിനും ആശംസകൾ. മഹുവ മൊയ്ത്ര, പിനാകി മിശ്ര, നിങ്ങൾക്ക് സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു!" -സയോണി ഘോഷ് എക്സിൽ കുറിച്ചു.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള എംപിയാണ് മഹുവ മൊയ്ത്ര. ഇൻവെസ്റ്റ്മെന്റ് ബാങ്കറിൽ നിന്നാണ് അവർ രാഷ്ട്രീയക്കാരിയായി മാറുന്നത്. മുൻപ് ഒരു തവണ അവർ സംസ്ഥാന നിയമസഭയിൽ അംഗമായിരുന്നു. സുപ്രീം കോടതി മുതിർന്ന അഭിഭാഷകനാണ് ബിജെഡി നേതാവായ പിനാകി മിശ്ര. നാല് തവണ പുരിയിൽ നിന്നും എംപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള എംപിയാണ് മഹുവ മൊയ്ത്ര

ഇരുവരും നേരത്തെ വിവാഹം കഴിച്ചിരുന്നു. ഡാനിഷ് ധനകാര്യ വിദഗ്ധനായ ലാർസ് ബ്രോഴ്സണ് മഹുവ മൊയ്ത്രയുടെ മുൻഭർത്താവ്. സംഗീത മിശ്രയുമായി വേർപിരിഞ്ഞ പിനാകി മിശ്രയ്ക്ക്, രണ്ട് കുട്ടികളുമുണ്ട്.

ഭരണകക്ഷിയായ ബിജെപിക്കെതിരെ ലോക്‌സഭയിൽ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന എംപിയാണ് മഹുവ മൊയ്ത്ര. നേരത്തെ പാർലമെൻ്റിൽ നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്ന ചോദ്യങ്ങൾ ചോദിച്ചതിന്, വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് 2 കോടി രൂപ പണവും ആഡംബര സമ്മാനങ്ങളും ഉൾപ്പെടെ കൈക്കൂലി വാങ്ങിയെന്ന ആരോപണം അവർക്കെതിരെ ഉയർന്നിരുന്നു.

SCROLL FOR NEXT