കെ.സി. വേണുഗോപാൽ Source: X/ INC
NATIONAL

സത്യം പുറത്തുകൊണ്ടുവരും, രാഹുലിനെ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കരുതേണ്ട: കെ.സി. വേണുഗോപാൽ

ശകുൻ റാണിയുടെ പേരിൽ ഇരട്ട വോട്ട് ചെയ്തു എന്നതിന് തെളിവുണ്ട്. എല്ലാം കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം രാജ്യം മുഴുവൻ കണ്ടതാണെന്നും നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ വിചാരിക്കേണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.

"നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ വിചാരിക്കേണ്ട. വ്യക്തമായ രേഖകൾ തങ്ങളുടെ കൈയിലുണ്ട്. ചോദ്യം ചോദിച്ച ഞങ്ങൾക്കെതിരെയാണ് നടപടിയെങ്കിൽ എടുക്കട്ടെ. സത്യം ഞങ്ങൾ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. ശകുൻ റാണിയുടെ പേരിൽ ഇരട്ട വോട്ട് ചെയ്തു എന്നതിന് തെളിവുണ്ട്. തെളിവുകൾ എല്ലാം കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തു," കെ.സി. വേണുഗോപാൽ പറഞ്ഞു.

"ഇൻഡ്യ സഖ്യത്തിലെ എംപിമാർ നാളെ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തും. കോൺഗ്രസ് നാളെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ബിജെപിക്ക് എന്തും പറയാം. ഞങ്ങളുടെ ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷനോടാണ്. ബിജെപിക്ക് ന്യായീകരിക്കേണ്ടി വരുമല്ലോ. മറുപടി കിട്ടുന്നത് വരെ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ടു പോകും," എഐസിസി ജനറൽ സെക്രട്ടറി വ്യക്തമാക്കി.

കർണാടകയിലെ മഹാദേവപുരത്തെ ഉൾപ്പെടെ വോട്ട് മോഷണ ആരോപണത്തിലും, ബിഹാറിനായി പ്രത്യേക തീവ്ര പരിഷ്കരണം കൊണ്ടുവരുന്നതിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷമായ ഇൻഡ്യ മുന്നണി. തിങ്കളാഴ്ച പകൽ 11.30ന് പാർലമെൻ്റിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടക്കുന്ന പ്രതിപക്ഷ എംപിമാരുടെ മാർച്ചിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകും.

SCROLL FOR NEXT