NATIONAL

ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിലെ സംഘര്‍ഷം; വ്യാപക അറസ്റ്റുമായി ഡല്‍ഹി പൊലീസ്

സംഭവത്തില്‍ 30 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് വ്യാഴാഴ്ച പറഞ്ഞിരുന്നു.

Author : കവിത രേണുക

ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലുണ്ടായ സംഘര്‍ഷത്തില്‍ വ്യാപകമായ അറസ്റ്റുമായി ഡല്‍ഹി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഉണ്ട്.

വെള്ളിയാഴ്ച മുഹമ്മദ് നവേദ്, ഫായിസ്, മുഹമ്മദ് ഉബൈദുള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 30 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡല്‍ഹി പൊലീസ് വ്യാഴാഴ്ച പറഞ്ഞിരുന്നു.

രാംലീല മൈതാനത്തിനടുത്തുള്ള തുര്‍ക്ക്മാൻ ഗേറ്റിനടുത്തുള്ള കെട്ടിടങ്ങളാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റിയത്. ഇതേ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

നൂറ്റാണ്ട് പഴക്കമുള്ള മസ്ജിദ് സയ്യിദ് ഇലാഹിയോട് ചേര്‍ന്നുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് അധികൃതര്‍ പുലര്‍ച്ചെ എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തി പൊളിക്കല്‍ നടപടികള്‍

ആരംഭിച്ചതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തുകയായിരുന്നു. ജനുവരി എട്ടിന് രാവിലെ എട്ട് മണിയോടെ ആരംഭിക്കുമെന്ന് പറഞ്ഞ നടപടികള്‍ പുലര്‍ച്ചെ 1.30ന് തന്നെ ആരംഭിച്ചു.

മസ്ജിദിന്റെ ഭാഗങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മസ്ജിദ് സയ്യിദ് ഇലാഹിയോട് ചേര്‍ന്നുള്ള രാംലീല മൈതാനത്തെ ഭൂമിയിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും കല്ലേറുണ്ടാകുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി പൊലീസിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും പത്തിലധികം കമ്പനികളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊളിക്കല്‍ നടപടിയെന്നാണ് മുന്‍സിപ്പാലിറ്റി അധികൃതരുടെ വാദം. രാംലീല മൈതാനിക്ക് സമീപമുള്ള 38,940 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കയ്യേറ്റങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ നവംബര്‍ 12-ന് കോടതി ഉത്തരവിട്ടിരുന്നു. പള്ളി കമ്മിറ്റി ഇതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും നടപടി തടയാനായില്ല.

SCROLL FOR NEXT