ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വീഡിയോ കോളില്‍ സംസാരിച്ച് വിജയ്. രണ്ട് ദിവസങ്ങളിലായി 20 ഓളം കുടുംബങ്ങളുമായാണ് വിജയ് സംസാരിച്ചത്. ഉടന്‍ കരൂര്‍ സന്ദര്‍ശിക്കുമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും വിജയ് കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
കരൂര്‍ ദുരന്തത്തില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്മായത്. മുന്‍ ഐആര്‍എസ് ഓഫീസറും ടിവികെയുടെ പ്രൊപഗാണ്ട, പോളിസി ജനറല്‍ സെക്രട്ടറിയുമായ ഡോ. കെ.ജി. അരുണ്‍രാജ് ചെന്നൈയില്‍ നിന്നുള്ള ഒരു സംഘത്തിനൊപ്പം അപകടത്തില്‍ ഇരകളായ നിരവധി കുടുംബങ്ങളെ സന്ദര്‍ശിച്ചിരുന്നു. ഗാന്ധിഗ്രാമം, പശുപതിപാളയം തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദര്‍ശിച്ചത്. ഇവരിലൂടെയാണ് വിജയ് വീഡിയോ കോളില്‍ എത്തുകയും കുടുംബവുമായി സംവദിക്കുകയും ചെയ്തത്.
അഞ്ച് മിനുട്ടോളമാണ് വിജയ് കുടുംബങ്ങളുമായി സംസാരിച്ചത്. ദുരന്തം സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും അത് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞതായി ഒരു കുടുംബം വ്യക്തമാക്കി. വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ വീഡിയോയോ ഫോട്ടോയോ ഒന്നും എടുക്കരുതെന്ന് സന്ദര്‍ശിച്ച സംഘങ്ങള്‍ അറിയിച്ചു.
അതേസമയം, കരൂരിലുണ്ടായ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സിബിഐ അന്വേഷണം മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ടിവികെയും ബിജെപി കൗണ്‍സിലറും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഒക്ടോബര്‍ 10ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളിയിരുന്നു. ഭരണകൂടത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്നും അതില്‍ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.