ടിവികെ സുപ്രീം കോടതിയിൽ Source; Social Media
NATIONAL

കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം വേണം; ടിവികെ സുപ്രീം കോടതിയിൽ

കരൂരിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് വിജയ് മെയിൽ അയച്ചു.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണ ആവശ്യപ്പെട്ട് ടിവികെ സുപ്രീം കോടതിയിൽ. അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ടിവികെയുടെ ഹർജി. വൻ ജനക്കൂട്ടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സംസ്ഥാന സർക്കാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചിരിക്കുന്നത്. പാർട്ടിക്കെതിരെ മുൻവിധിയോടെയാണ് എസ്ഐടി പ്രവർത്തിക്കുന്നതെന്നും ഹർജിയിൽ ആക്ഷേപമുണ്ട്. അതേസമയം, കരൂരിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് വിജയ് മെയിൽ അയച്ചു.

കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളുമായി വിജയ് സംസാരിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി 20 ഓളം കുടുംബങ്ങളുമായാണ് വിജയ് സംസാരിച്ചത്. ഉടന്‍ കരൂര്‍ സന്ദര്‍ശിക്കുമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും വിജയ് കുടുംബങ്ങള്‍ക്ക് ഉറപ്പിയിരുന്നു.

മുന്‍ ഐആര്‍എസ് ഓഫീസറും ടിവികെയുടെ പ്രൊപ്പഗണ്ട, പോളിസി ജനറല്‍ സെക്രട്ടറിയുമായ ഡോ. കെ.ജി. അരുണ്‍രാജ് ചെന്നൈയില്‍ നിന്നുള്ള ഒരു സംഘത്തിനൊപ്പം അപകടത്തില്‍ ഇരകളായ നിരവധി കുടുംബങ്ങളെ സന്ദര്‍ശിച്ചിരുന്നു. ഗാന്ധി ഗ്രാമം, പശുപതി പാളയം തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദര്‍ശിച്ചത്. ഇവരിലൂടെയാണ് വിജയ് വീഡിയോ കോളില്‍ എത്തുകയും കുടുംബവുമായി സംവദിക്കുകയും ചെയ്തത്.

ദുരന്തത്തില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ബിജെപി കൗണ്‍സിലറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നീക്കം. ഭരണകൂടത്തിൻ്റെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്നും അതില്‍ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

SCROLL FOR NEXT